kundamonkadave

മലയിൻകീഴ് : മാലിന്യത്താൽ പൊറുതിമുട്ടുകയാണ് കുണ്ടമൺകടവ് മുത്തശ്ശി പഴയപാലത്തിനു സമീപത്തെ പ്രദേശവാസികൾ. ഇവിടം മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു. പാലത്തിനടുത്തായി സ്ഥാപിച്ചിരിക്കുന്ന ചെറു ഗ്രന്ഥശാലയിലേക്കും വിശ്രമകേന്ദ്രത്തിലേക്കും മൂക്കുപൊത്തി പോവേണ്ട ഗതികേടായിട്ടുണ്ട്. പൊതുവഴികളിലും പ്രധാന റോഡുകളിലുമെല്ലാം ദിനംപ്രതി മാലിന്യനിക്ഷേപം കൂടിക്കൂടി വരുന്നു. വാഹനയാത്രികരാണ് മാലിന്യം നിക്ഷേപിക്കുന്നതിലേറെയും. ഗ്രാമീണ റോഡുകളിലും ബണ്ട് റോഡുകളിലുമായി യാതൊരു നിയന്ത്രണവുമില്ലാതെയാണിന്ന് മാലിന്യം നിക്ഷേപിക്കുന്നത്. ഊരൂട്ടമ്പലം - മലയിൻകീഴ്, അന്തിയൂർക്കോണം - തച്ചോട്ടുകാവ്, പോങ്ങുംമൂട് -ചീനിവിള, മലയിൻകീഴ് - പേയാട് കുണ്ടമൺകടവ് എന്നീ റോഡുകളുടെ ഇരുവശങ്ങളും മാലിന്യക്കൂമ്പാരമായതിനാൽ ദുർഗന്ധം സഹിച്ച് കഴിയേണ്ട ഗതികേടാണ് പരിസരവാസികൾക്ക്. ചാക്കുകളിലും കൂറ്റൻ കവറുകളിലുമായി
കൊണ്ടിടുന്ന മാലിന്യപ്പൊതികൾ തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്. റോഡുകളിലെ നായ്ക്കളുടെ വിളയാട്ടവും പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.

 ബണ്ട് റോഡ്

മലയിൻകീഴ് ഊരൂട്ടമ്പലം റോഡിലെ കൊടുംവളവിൽ മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനു കീഴിലും മാലിന്യം നിക്ഷേപിക്കുന്നു. കുഴയ്ക്കാട് -ചീനിവിള ബണ്ട് റോഡിൽ എവിടെത്തിരിഞ്ഞാലും മാലിന്യമാണ്. അഴുകിയ മാലിന്യത്തിൽ നിന്നുള്ള ഗന്ധം
പരിസരപ്രദേശത്താകെയുണ്ട്. സമീപത്തെ കുഴയ്ക്കാട് ക്ഷേത്രത്തിലെത്തുന്നവരും മാലിന്യഗന്ധം സഹിച്ച് പോകേണ്ട അവസ്ഥയാണ്. പ്രദേശവാസികളുടെ ഏക ആശ്രയമാണീ ബണ്ട് റോഡ്. മാലിന്യവും റോഡിന്റെ ശോചനീയാവസ്ഥയും നിമിത്തം ഇതുവഴി പോകുന്നവർ ദുരിതത്തിലായിട്ടുണ്ട്. ചാക്കുകളിലാക്കി കൊണ്ടിടുന്ന ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും ബണ്ടിൽ നിന്ന് തോട്ടിലേക്ക് വീണ് വെള്ളവും മലിനമാകാറുണ്ട്.

 പരാതി നൽകി, നടപടിയില്ല

മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട, ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഭാഗങ്ങളിൽ ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. മേപ്പൂക്കട നിന്ന് ഗതാഗതക്കുരുക്കില്ലാതെ പോങ്ങുംമൂട്, അണപ്പാട്, ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗവും കൂടിയാണ് ഈ റോഡ്. കടുത്ത വേനൽക്കാലത്തു പോലും നീരുറവവറ്റാത്ത കുഴയ്ക്കാട് തോട് മലിനമാകുന്നതിൽ ജനങ്ങൾക്കും ഉത്കണ്ഠയുണ്ട്. കുളിക്കാനും തുണി അലക്കാനും കൃഷിക്കും മറ്റുമായി ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മാലിന്യനിക്ഷേപത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തുകളിലും പൊലീസിലും പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു.