
കേരളത്തിലെ രാഷ്ട്രീയ പാർട്ടിനേതാക്കളിൽ പലർക്കും കണ്ടകശനിയാണെന്ന് തോന്നുന്നു, കാരണം പലരും പറയുന്ന പല കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ചിലതൊക്കെ രണ്ട് മൂന്ന് ദിവസങ്ങളിലെ ചർച്ചകളോടെ കെട്ടടങ്ങും. മറ്റു ചിലതാവട്ടെ രാഷ്ട്രീയ എതിരാളികളുടെ ചുട്ടമറുപടിയോടെ അവസാനിക്കും. പക്ഷെ പറയുന്ന വസ്തുതകളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നാൽ ചിലസംശയങ്ങൾ തോന്നാം, ഇതെല്ലാം നാക്കുപിഴയാണോ അതോ ബോധപൂർവ്വമായുണ്ടാവുന്ന നാക്കുളുക്കലാണോ? നല്ല രാഷ്ട്രീയക്കാർ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയാണല്ലോ. തിരഞ്ഞെടുപ്പ് പ്രചാരണ കാലമായതിനാൽ വരും ദിവസങ്ങളിൽ അറിഞ്ഞോ അറിയാതെയോ പലവിധ നാക്കുപിഴകളും പുറത്തുവന്നേക്കാം. അതെല്ലാം കേൾവിക്കാർ നിരുപാധികം ക്ഷമിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻകുര്യാക്കോസിനും മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനുമെതിരെ രാഷ്ട്രീയത്തിലെ 'സരസ പ്രഭാഷകൻ' ഉടുമ്പൻചോല എം.എൽ.എ എം.എം.മണി നടത്തിയ പരാമർശങ്ങളാണ് ഏറ്റുവും ഒടുവിലായി കറങ്ങുന്നത്. നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്ത് ഒരു അനുസ്മരണ ചടങ്ങിലായിരുന്നു മണിയുടെ നർമഗർഭമായ പ്രസംഗം. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ.കുര്യൻ പെണ്ണുപിടിയനാണെന്നുമായിരുന്നു മണിയുടെ പരാമർശം. 'ഇപ്പോ പൗഡറൊക്കെ പൂശിയ ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്. ഡീൻ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലെ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി. ചുമ്മാതെ വന്നിരിക്കുവാ, ബ്യൂട്ടിപാർലറിൽ കേറി വെള്ളപൂശിയിട്ട് പടവുമെടുത്ത് .....' അങ്ങനെ പോകുന്നു മണിയാശാന്റെ വാക്ചാതുരി.
എം.എം.മണിയുടെ നാക്ക് വിവാദമാവുന്നത് ഇതാദ്യമല്ല, വൺ, ടു, ത്രീ പ്രസംഗമാണ് അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കിയത്. അന്ന് എല്ലാ മാദ്ധ്യമങ്ങളും വളരെ കൊട്ടിഘോഷിച്ച പ്രസംഗത്തിന്റെ പരിസമാപ്തി മണിയുടെ ജയിൽവാസമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെയും മണി സരസമായ ചില പരാമർശങ്ങൾ നടത്തി. അതും അദ്ദേഹത്തിന്റെ തലപ്പാവിലെ പൊൻതൂവലാണ്.
നാക്കുപിഴക്കാരുടെ ഗുരുഭൂതനായി കണക്കാക്കുന്നത് അന്തരിച്ച മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളെയാണ്. 1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹം എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ റെയിൽവെ കോച്ച് ഫാക്ടറി കേരളത്തെ നിരാശപ്പെടുത്തിക്കൊണ്ട് പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന ധാരണയിൽ, കേരളത്തോടുള്ള അവഗണന തുടർന്നാൽ ഇവിടുത്തെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന സൂചനയാണ് അദ്ദേഹം പ്രസംഗത്തിലൂടെ നൽകിയത്.
ഏകക്ഷി ഭരണമെന്ന ആവശ്യവുമായി അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് ജി.കാർത്തികേയൻ ശക്തമായി നിലകൊള്ളുന്ന കാലഘട്ടം. പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും പിള്ള മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. സംഭവം ഹൈക്കോടതിവരെ പൊതുതാത്പര്യ ഹർജിയായെത്തി. ജസ്റ്റിസ് രാധാകൃഷ്ണമേനോന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിള്ളയുടെ രാജിയെക്കുറിച്ചും തുടർനടപടികളെക്കുറിച്ചുമുള്ള പത്രപ്രവർത്തകരുടെ തുടച്ചയായ ചോദ്യങ്ങൾക്ക് മുന്നിൽ, എന്ത് പിള്ള?, ഏതുപിള്ള ? എന്ന കരുണാകരന്റെ മറുചോദ്യവും പിന്നീട് പ്രസിദ്ധമായി.
രാഷ്ട്രീയക്കാർക്കുണ്ടാവുന്ന നാക്കുപിഴയുടെ യഥാർത്ഥ വസ്തുത കണ്ടുപിടിക്കാൻ പേരുകേട്ട മനഃശാസ്ത്രജ്ഞന്മാർക്കു പോലും സാധിക്കില്ല. കാരണം അവർ നടത്തുന്ന പരാമർശങ്ങൾ സ്വയം അറിഞ്ഞാണോ അതോ മനഃപൂർവ്വമാണോ എന്നത് അവർക്ക് മാത്രം നിശ്ചയമുള്ള കാര്യമാണ്. പ്രസംഗിക്കാനൊരു മൈക്കും കൈയ്യടിച്ച് കേൾക്കാൻ മുന്നിലൊരു സദസുമുണ്ടെങ്കിൽ കാടുകയറി സഞ്ചരിക്കാൻ തെല്ലും മടിയില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയനേതാക്കളിൽ നല്ലൊരു പങ്കും. കൈയ്യടിയുടെ ഊക്ക് അനുസരിച്ച് അവർ നടത്തുന്ന പ്രയോഗങ്ങളുടെ നിലവാരം മെച്ചപ്പെടും.
നിലവിൽ ഇക്കാര്യത്തിൽ സൂപ്പർസ്റ്റാർ പദവിയിൽ കട്ടയ്ക്ക് നിൽക്കുന്നത് രണ്ട് പേരാണ്, എം.എം.മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. മണിയുടെ പ്രകടനത്തിന് മൂർച്ഛ കൂടുമെങ്കിലും സ്വാഭാവികത കുറവെന്നതാണ് പ്രധാന പോരായ്മ. തിരുവഞ്ചൂർ തീർത്തും സ്വാഭാവികമായ പ്രകടനമാണ് നടത്താറുള്ളത്. മുൻ നിരയിലുള്ള മറ്റൊരു പ്രധാന താരം മന്ത്രി കൂടിയായ വി.ശിവൻകുട്ടിയാണ്. (വെപ്രാളം ശിവൻകുട്ടിയെന്ന് ചില രാഷ്ട്രീയ കുബുദ്ധികൾ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്). ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് നിയമസഭയിൽ രമേശ് ചെന്നിത്തലയും തെറ്റില്ലാത്ത പ്രകടനം നടത്താറുണ്ട്, എങ്കിലും പ്രകടനത്തിൽ സ്ഥിരത പോരാ.
ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖലയിൽ പെമ്പിളൈ ഒരുമൈ എന്ന സംഘടന നടത്തിയ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിലെത്തിയപ്പോൾ പെമ്പിളൈ ഒരുമൈ എന്നത് പെമ്പിളൈ എരുമയെന്നാക്കിയ തിരുവഞ്ചൂർ നിയസഭയ്ക്ക് നൽകിയ ചിരിസദ്യ ആരും മറന്നിട്ടില്ല. 2014-ൽ തിരുവഞ്ചൂർ സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രിയായിരുന്നു. അന്നത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപനം നടത്തുമ്പോൾ മികച്ച നടിയ്ക്കുള്ള അവാർഡിന് തിരഞ്ഞെടുത്ത നസ്രിയയുടെ പേര് നുസ്രിയ എന്ന് പറഞ്ഞും തിരുവഞ്ചൂർ നർമകൈരളിക്ക് തന്റെ സംഭാവന നൽകി. മാത്രമല്ല അവാർഡ് ദാന ചടങ്ങിൽ കേരളത്തിന്റെ പ്രിയതാരം മോഹൻലാലിനെ കണ്ണുണ്ണിയാക്കുകയും ചെയ്തു. മലയാളത്തിന്റെ കണ്ണിലുണ്ണി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിലും നാക്കിന് ഉദ്ദേശം മനസിലായില്ല. 2021-ൽ സ്കൂൾതുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറയാൻ പോയതാണ് ഗണിതശാസ്ത്രത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത മന്ത്രിക്ക് പണിയായത്. മറ്റു സംസ്ഥാനങ്ങളിലെ സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ്, രാജ്യത്ത് മൊത്തം 35 സംസ്ഥാനങ്ങളല്ലെയെന്ന് അടുത്തിരുന്ന ഉന്നതോദ്യോഗസ്ഥനോട് ശിവൻകുട്ടി ചോദിച്ചത്.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ജി.സുധാകരനും യു.ഡി.എഫിലെ ഡി.സുഗതനുമാണ് മുഖ്യ സ്ഥാനാർത്ഥികൾ. ലീഡർ കെ.കരുണാകരനുമായി വലിയ ബന്ധമുണ്ടായിരുന്ന ഡി.സുഗതൻ, ആ സമയത്ത് ലീഡറുമായി അത്ര നല്ല അടുപ്പത്തിലായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കാനെത്തിയ ലീഡർ, തന്റെ പ്രസംഗം അവസാനിപ്പിക്കും മുമ്പ് ഒരു പരാമർശം നടത്തി. ഈ മണ്ഡലത്തിൽ മത്സരിക്കുന്ന സുധാകരന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന്. ഇത് കേട്ട് സുഗതൻ ഞെട്ടിയെങ്കിലും ലീഡറെ നന്നായിട്ട് അറിയുന്ന നേതാക്കൾക്ക് പിടികിട്ടി,നാക്കുപിഴയെങ്ങനെ വന്നു എന്ന്. അമേരിക്കയിൽ ചായ കുടിക്കും പോലെയാണ് ബലാത്സംഗങ്ങൾ എന്ന് പണ്ട് ഇ.കെ.നായനാർ പറഞ്ഞത് കേരളത്തിലുണ്ടാക്കിയ ബഹളങ്ങളും ചില്ലറയല്ല.
ഇതുകൂടി കേൾക്കണേ
സംസാരിക്കുമ്പോൾ ചില നാക്കുപിഴകൾ സാധാരണമാണ്. ചിലർ കരുതിക്കൂട്ടി പിഴവുകൾ വരുത്താം. പക്ഷെ കേൾക്കുന്നവർക്ക് മനംപിരട്ടൽ ഉണ്ടാക്കും വിധമുള്ള പിഴവുകൾ ആർക്കായാലും അത്ര ഭൂഷണമല്ല.