തിരുവനന്തപുരം: പുറത്തേക്കിറങ്ങിയാൽ ഉരുക്കിക്കളയാൻ കെല്പുള്ള ചൂട്.ഉപജീവനത്തിനായി ചാലയിലും കിഴക്കേകോട്ടയിലും വഴിയോരങ്ങളിലിരിക്കുന്ന സ്ത്രീകളോട് ഈ വെയിലത്തും വന്നോ എന്ന് ചോദിച്ചാൽ അകത്തിരുന്നാൽ ഉള്ള് വേവും സാറേ എന്നാവും മറുപടി.നഗരത്തിലെ തിരക്കേറിയ മാർക്കറ്റായ ചാലയിൽ വെയിൽ മാത്രമല്ല ജീവിതവും തിളയ്ക്കുകയാണ്.കച്ചവടത്തിനായി കിലോമീറ്ററുകൾ താണ്ടിയെത്തുന്ന സ്ത്രീകൾ കൊടുംവേനൽ കച്ചവടത്തെയും തളർത്തിക്കളഞ്ഞെന്ന് പറയുന്നു.പകൽനേരത്ത് പുറത്തേക്കിറങ്ങാൻ മടിക്കുന്നതിനാലാണ് കച്ചവടം കുറയുന്നത്. രാവിലെയും വൈകിട്ടും നടക്കുന്ന കച്ചവടമാകട്ടെ ബാദ്ധ്യതകൾ തീർക്കാനും നിത്യച്ചെലവിനും തികയില്ലെന്ന് വിഷമത്തോടെ പറയുന്നു ഇവർ.
പൂവാറിൽ നിന്ന് ചാലയിൽ ഉണക്കമീൻ കച്ചവടത്തിനെത്തുന്ന സോഫിയും മെറ്റിൻസിയും പൊരിവെയിലിൽ കുടകൾക്ക് കീഴെ ആളൊഴിഞ്ഞ തെരുവിലിരിക്കുകയാണ്.വേനലിന് മുൻപ് ദിവസം മൂവായിരത്തിലേറെ രൂപയുടെ കച്ചവടം നടന്നിരുന്ന സ്ഥാനത്ത് തുച്ഛമായ തുക മാത്രമാണ് കൈയിൽകിട്ടുന്നതെന്ന് ഇരുവരും പറയുന്നു. രാലിലെ 10 മുതൽ വൈകിട്ട് ഏഴ് മണിവരെയാണ് കച്ചവടം.
വേനലിൽ പഴക്കച്ചവടം ഗംഭീരമാകുന്നതാണ്. എന്നാൽ കടുത്ത വേനൽ പഴക്കച്ചവടത്തെയും തളർത്തി.വൈകുന്നേരങ്ങളിലാണ് കച്ചവടം നടക്കുന്നത്.ദൂരെ നിന്നെത്തി കച്ചവടം നടത്തുന്ന സ്ത്രീകൾക്കാകട്ടെ കുറഞ്ഞ മണിക്കൂറുകളിൽ മതിയായ കച്ചവടം ലഭിക്കുന്നില്ല. തമലത്ത് നിന്നെത്തുന്ന ശോഭനയും ശ്യാമളയും ചാലയിൽ പഴങ്ങൾ വിൽക്കുന്നവരാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും തിളയ്‌ക്കുന്ന വെയിലിലിരുന്ന് കച്ചവടം നടത്തുന്നത് ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണെന്ന് പറയുന്നു.രാവിലെ 11 ന് ശേഷം വൈകുന്നേരമേ കച്ചവടമുള്ളൂ എന്ന വിഷമത്തിലാണിവർ.
വിഘ്‌നേശ്വരന്റെ നടയിൽ പ്രാരാബ്ധങ്ങളുമായി
ഗണപതി കോവിലിന് മുന്നിൽ കൊടുംവെയിൽ നാളികേര വില്പനയ്ക്കിരിക്കുകയാണ് 75കാരി രുഗ്‌മിണി. തൊഴുവൻകോട് സ്വദേശിയായ ഈ അമ്മ പതിനെട്ട് വർഷമായി ഇവിടെ കച്ചവടം നടത്തുകയാണ്. പുലർച്ചെ 5.30 ന് ക്ഷേത്രനടയിലെത്തുന്ന ഇവർ രാത്രി 8.30 നാണ് മടങ്ങിപ്പോകുന്നത്. ഉച്ചയ്‌ക്കുപോലും നന്നായി കച്ചവടം നടന്നിരുന്ന സ്ഥാനത്ത് വഴിക്കണ്ണുമായിരിക്കേണ്ട ഗതികേടാണ്.നടയടച്ചിരിക്കുന്ന സമയത്തും ആളുകൾ നാളികേരം വാങ്ങി ക്ഷേത്രവളപ്പിൽ വച്ചിട്ട് പോകുമായിരുന്നു. വൈകിട്ട് ക്ഷേത്രജീവനക്കാരാണ് ഈ നാളികേരം ഭഗവാന് മുന്നിൽ ഉടയ്ക്കുന്നത്. എന്നാൽ വിരലിലെണ്ണാവുന്നവരേ പകൽ നാളികേരം വാങ്ങാനെത്തുന്നുള്ളൂ.
കരുമം സ്വദേശിയായ രേണുകയുടെ വിഷമം മറ്റൊന്നാണ്.കടുത്ത വെയിലിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന നാളീകേരങ്ങൾ പൊട്ടിപ്പോകുന്നു.ഈ നാളികേരങ്ങൾ അരിഞ്ഞുണങ്ങി കൊപ്രാക്കടയിൽ കൊടുത്താലും നഷ്ടമാണ്.പൊട്ടിയ നാളികേരം വീട്ടാവശ്യത്തിന് നൽകുമ്പോഴാകട്ടെ 20 രൂപയുടെ നാളികേരത്തിന് 15 രൂപയേ കിട്ടൂ.