general

ബാലരാമപുരം: തിരഞ്ഞെടുപ്പ് കൺവെൻഷൻ യോഗങ്ങളിൽ നേതാക്കളുടെ പ്രസംഗപ്പോര് മുറുകുന്നതോടെ കൂടുതൽ ആവേശത്തിൽ നേതാക്കൾ. തിരഞ്ഞെടുപ്പ് വന്നതോടെ പാർട്ടിപ്രവർത്തകർ പലരും കളത്തിൽ കൂടുതൽ സജീവമാവുകയാണ്. ബൂത്ത് തലത്തിൽ വോട്ടേഴ്സിൽ പേര് ചേർക്കലും പാർട്ടി വോട്ടുകൾ ഉറപ്പാക്കുന്നതിന്റെയും ഓട്ടത്തിലാണ് മുന്നണികൾ. ഇതിനിടയിൽ പഞ്ചായത്ത് മേഖലയിൽ പുതിയതായി എത്തിയവർക്ക് മണ്ഡലത്തിൽ വോട്ട് ഉറപ്പാക്കുന്നതിലും മുന്നണികൾ മത്സരത്തിലാണ്.

 കണ്ണുംനട്ട് എൽ.ഡി.എഫ്

കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി കൺവെഷൻ യോഗങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ് നേതാക്കൾ. കോവളം,​ പുല്ലുവിള,​ അന്തിയൂർ പയറ്റുവിള മേഖലാ പ്രവർത്തക കൺവെൻഷനുകൾ നടന്നു. കോവളം ജംഗ്ഷനിൽ ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡന്റ് സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. കോവളം ബാബു, വെങ്ങാനൂർ ബ്രൈറ്റ്,​ സി.കെ. സിന്ധുരാജൻ,​ ഷീലാ അജിത്ത്,​ ബി.ഇന്ദിര,​ വെങ്ങാനൂർ ലോയിഡ്,​ ടി.വിജയൻ,​ ഷംനാദ് എന്നിവർ സംസാരിച്ചു. കോവളം ബാബു ചെയർമാനായും മുട്ടയ്ക്കാട് വേണുഗോപാൽ കൺവീനറായും 101 പേരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുല്ലുവിളയിൽ ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇ. കെന്നഡി, അഡ്വ.അജിത്ത്,​ വി.ഗബ്രിയേൽ,​ കരുംകുളം വിജയകുമാർ,​ എം.എസ് വിലാസൻ,​ എൽ. റാണി,​ ജി. അനിൽകുമാർ,​ വിൻസെന്റ്,​ ജോയി, ശരൺ എന്നിവർ സംസാരിച്ചു. പ്രതാപൻ ചെയർമാനായും ശരൺ കൺവീനറായും 101 പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. നെല്ലിവിളയിൽ സി.പി.ഐ ജില്ലാ.അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. മോഹനൻ നായർ, പാറക്കുഴി സുരേന്ദ്രൻ,​ മോഹനൻ,​ കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,​ രാധാകൃഷ്ണൻ നായർ,​ ലീലാമ്മ,​ വിജയമൂർത്തി, കാവിൻപുറം സുരേഷ് എന്നിവർ സംസാരിച്ചു. ചെയർമാനായി കാവിൻപുറം സുരേഷിനേയും കൺവീനറായി മോഹനൻ നായരേയും തിരഞ്ഞെടുത്തു. പയറ്റുവിളയിൽ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ആർ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. എസ്. ഗീത, പി.എസ്. അജിത്ത് കുമാർ,​ എം.വി. മൻമോഹൻ,​ തങ്കരാജ്,​ വിഴിഞ്ഞം ജയകുമാർ,​ വട്ടവിള രാജൻ, എസ്. മണിയൻ എന്നിവർ സംസാരിച്ചു. എസ്.ഗീത ചെയർമാനായും എ.മണിയൻ കൺവീനറായും 101 പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

 ലക്ഷ്യം യുവാക്കൾ

യുവവോട്ടർമാരെ പാട്ടിലാക്കാനുള്ള ഓട്ടത്തിലാണ് യു.ഡി.എഫ്. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ രമേശ് ചെന്നിത്തല,​ വി.എം. സുധീരൻ തുടങ്ങിയവർ കളത്തിലിറങ്ങിയതോടെ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാക്ക്പോര് മുറുകി. എൽ.ഡി.എഫ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചുള്ള പ്രസംഗപ്പോരാണ് യു.ഡി.എഫ് കൺവെൻഷനുകളിൽ വേദിയാകുന്നത്. നെയ്യാറ്റിൻകര കോർട്ട് സമുച്ചയത്തിൽ ലായേഴ്സ് കോൺഗ്രസ് യൂണിറ്റ് ഭാരവാഹികളെ കഴിഞ്ഞ ദിവസം നേരിൽ സന്ദർശിച്ചിരുന്നു. യൂണിറ്റ് ഭാരവാഹികളായ തൃപ്പലവൂർ മുരുകൻ,​ എം.എസ്. സമേഷ്,​ എൽ.എസ് ഷീല,​ പി.സി പ്രതാപ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 പ്രവർത്തകരെ കൈയിലെടുത്ത് ബി.ജെ.പി

മറ്റ് മുന്നണിയിൽ നിന്നുള്ള പ്രവർത്തകരെയും ഒപ്പംകൂട്ടി ഗ്രാമീണമേഖലയിൽ വോട്ട് ശതമാനം കൂട്ടാനുള്ള ഓട്ടത്തിലാണ് ബി.ജെ.പി. ബാലരാമപുരം തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനയോഗത്തിൽ സി.പി.എം -കെ.എസ്.കെ.ടി.യു പ്രവർത്തകനായ വില്ലിക്കുളം തങ്കപ്പന് സ്വീകരണം നൽകി. ബൂത്ത് തലത്തിൽ ഓരോ വീടുകളും കയറിയിറങ്ങി പുതിയ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചും തിരുവനന്തപുരത്തെ വികസനസാദ്ധ്യതകൾ എണ്ണിപ്പറഞ്ഞുമാണ് ബി.ജെ.പി യുടെ മുന്നേറ്റം. എൻ.ഡി.എ പാറശാല നിയോജക മണ്ഡലം തിര‌ഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനവും ബൂത്ത് തല നേതൃയോഗവും വെള്ളറടയിൽ നടന്നു. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി‌ഡന്റ് വി.വി. രാജേഷ്,​ എൻ.പി. ഹരി,​ കഴക്കൂട്ടം അനിൽ,​ കള്ളിക്കാട് രാധാകൃഷ്ണൻ,​ മഞ്ചവിളാകം പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് ഓഫീസ് ടി.ബി. ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും.