1

വിഴിഞ്ഞം: ആയിരങ്ങളുടെ കണ്ണീർപ്രണാമങ്ങൾ ഏറ്റുവാങ്ങി അനന്തുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ചൊവ്വാഴ്ച രാവിലെ കോളേജിലേക്ക് സ്‌കൂട്ടറിൽ പോകവെ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് വിഴിഞ്ഞം മുക്കോല അനന്തു ഭവനിൽ അനന്തു മരിച്ചത്.

രാവിലെ 11 30ന് മുട്ടത്തറ മോക്ഷ കവാടത്തിലായിരുന്നു സം‌സ്‌കാരം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം അനന്തു പഠിച്ചിരുന്ന നെയ്യാറ്റിൻകരയിലെ നൂറുൾ ഇസ്ലാമിക് ഡെന്റൽ കോളേജിൽ പൊതുദർശനം നടത്തിയ ശേഷം രാവിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. അനന്തുവിന്റെ മാതാവ് ബിന്ദു,​പിതാവ് അജികുമാർ,​സഹോദരി അരുണ എന്നിവരുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,​എം.വിൻസെന്റ് എം.എൽ.എ,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ,നവകേരള മിഷൻ കോ ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി.ജയൻബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മേയർ ആര്യാ രാജേന്ദ്രൻ,സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ,ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ,ഗായകൻ പന്തളം ബാലൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

കുടുംബത്തിന് സർക്കാർ സഹായം

ഉറപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും

മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ബി.ഡി.എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അദാനി തുറമുഖ കമ്പനിയും അദാനി ഗ്രൂപ്പും സഹായം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. തുറമുഖ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയർന്നുവന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.