
വർക്കല : പുത്തൻ ട്രെൻഡുകൾ കാമ്പെയിനുകളാക്കി ജനമനസിൽ തന്റെ പേര് ബ്രാൻഡാക്കിയാണ് ഇടത് സ്ഥാനാർത്ഥി വി.ജോയിയുടെ പ്രചാരണം.ആറ്റിങ്ങൽ മണ്ഡലത്തിലെ ആദിവാസി മേഖലയിൽ ഊരറിഞ്ഞു ജോയി എന്ന പേരിൽ നടന്നുവരുന്ന തിരഞ്ഞെടുപ്പ് കാമ്പെയിനിൽ ഊര് നിവാസികളുടെ ഊഷ്മള വരവേൽപ്പ് ഏറ്റുവാങ്ങി പര്യടനം തുടരുകയാണ്. ഇന്നലെ അരുവിക്കരയിലെ മണ്ണാംകോൺ,പൊടിയം, വാലിപ്പാറ, ചോനാംപാറ , ആമല, പാങ്കാവ് ഊരുകളിൽ നടന്ന പര്യടനത്തിൽ കാട്ടുപൂക്കളും കാട്ടുപഴങ്ങളും നൽകി സ്വീകരിച്ചാണ് ഊര് നിവാസികൾ സ്നേഹം പ്രകടിപ്പിച്ചത്.ആദിവാസി ഊരുകളിലെ ജീവിതപ്രശ്നങ്ങൾ കണ്ടു മനസിലാക്കാൻ സാധിച്ചുവെന്നും അരക്ഷിതാവസ്ഥയിൽ തുടരുന്ന ഊരുകൾ കുറച്ചു വർഷങ്ങളിലായി അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറിയിട്ടുണ്ടെന്നും വി.ജോയി പറഞ്ഞു. എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പ് ഊര് നിവാസികൾക്ക് നൽകിയാണ് മടങ്ങിയത്. ഇന്ന് രാവിലെയും കാമ്പെയിൻ തുടരും. ജോയിഫുൾ ക്യാമ്പസ് ക്യാമ്പെയിന്റെ ഭാഗമായി അരുവിക്കരയിലെ കോളേജുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് തീരമാകെ ജോയി എന്ന കാമ്പെയിൻ ചിറയിൻകീഴിൽ നടക്കും.
മീനപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി വാമനപുരം ചേപ്പിലോട് ആയിരവല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് അടൂർ പ്രകാശ് ഇന്നലെ പര്യടനം ആരംഭിച്ചത്. ഭക്തജനങ്ങളോട് വിശേഷങ്ങൾ അരാഞ്ഞും വോട്ടഭ്യർത്ഥിച്ചും പ്രചാരണത്തിൽ സജീവമായി.പോത്തൻകോട് വാവറ കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിലും അടൂർ പ്രകാശ് പങ്കെടുത്തു.ഇന്ന് കിളിമാനൂർ, വാമനപുരം,കുറ്റിച്ചൽ,ആര്യനാട്,പോത്തൻകോട് എന്നിവിടങ്ങളിൽ നടക്കുന്ന യു.ഡി.എഫ് കൺവെൻഷനുകളിൽ അടൂർ പ്രകാശ് പങ്കെടുക്കും.
സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന നിലപാട് ശക്തമാക്കി വി. മുരളീധരൻ പ്രചാരണരംഗത്ത് സജീവമാണ്.കാട്ടാക്കട അമ്പലത്തിൻകാലയിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ആർ.എസ്.എസ് പ്രവർത്തകൻ വിഷ്ണുവിനെ വി.മുരളീധരൻ സന്ദർശിച്ചു. ലഹരി മാഫിയയ്ക്ക് ഭരണകക്ഷിയുടെ സംരക്ഷണമുണ്ടെന്നും പരസ്യമായി അക്രമം നടന്നിട്ടും പൊലീസ് പ്രതികളെ കണ്ടെത്താത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയിൻകീഴ് നടന്ന വികസന ചർച്ചയിലും വി.മുരളീധരൻ പങ്കെടുത്തു.വൈകിട്ട് മലയിൻകീഴിലും പേയാട്ടും മുരളീധരൻ നേതൃത്വം നൽകിയ പദയാത്രകളിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു.