solar

തിരുവനന്തപുരം: ഗ്രിഡിലേക്ക് നൽകുന്ന സോളാർ വൈദ്യുതിക്ക് ഗ്രോസ് മീറ്ററിംഗ് ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉറപ്പുനൽകി. ഇന്നലെ റെഗുലേറ്ററി കമ്മിഷനിൽ നടന്ന തെളിവെടുപ്പ് വേദിയിലേക്ക് പുരപ്പുറ സോളാർ ഉടമകൾ കൂട്ടാമായെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് വൈദ്യുതിവകുപ്പ് നയം വ്യക്തമാക്കിയത്. പുരപ്പുറ സോളാർ സ്ഥാപിച്ചവർക്ക് വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഗ്രോസ്‌ മീറ്രറിംഗ് നീക്കത്തെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

റിന്യൂവബിൾ എനർജി നെറ്റ് മീറ്ററിംഗ് രണ്ടാം ഭേദഗതിയിൽ നെറ്റ് മീറ്ററിംഗ് (2020), ഗ്രോസ് മീറ്ററിംഗ് (2022), നെറ്റ് ബില്ലിംഗ് എന്നിങ്ങനെ മൂന്നു രീതിയിലുള്ള ബില്ലിംഗാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്നാമത്തേതാണ് ഇപ്പോഴുള്ള കരടിൽ ഉൾപ്പെടുത്തിയത്. നിലവിൽ കേരളത്തിൽ നെറ്റ് മീറ്ററിംഗ് മാത്രമാണുള്ളത്. ഗ്രോസ് മീറ്ററിംഗ് 2020 മുതൽ റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഗ്രോസ് മീറ്ററിംഗോ നെറ്റ് ബില്ലിംഗോ നടപ്പിലാക്കാൻ കമ്മിഷൻ ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്തുമാത്രമേ അന്തിമതീരുമാനമുണ്ടാകുകയുള്ളുവെന്നും കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് വ്യക്തമാക്കി. പുരപ്പുറ സോളാർ ഉടമകളുടെ ആശങ്ക ദുരീകരിക്കാൻ വേണ്ടിവന്നാൽ പ്രത്യേക യോഗം വിളിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

ഗ്രോസ് മീറ്ററിംഗ് ആലോചിച്ചുമാത്രം: കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് 270മെഗാവാട്ട് വൈദ്യുതി സൗരോർജ്ജ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദകർക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിംഗ് ബില്ലിംഗ് സമ്പ്രദായമാണ് ഇവിടെ അവലംബിച്ചുവരുന്നത്. മറ്റ് പല സംസ്ഥാനങ്ങളും നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് സംവിധാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. സൗരോർജ്ജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. അതിനാൽ പുരപ്പുറ സോളാർ ഉടമകൾക്ക് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാനിടയുള്ള ബില്ലിംഗ് രീതികളിലേക്ക് മാറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. വിശദമായ ആലോചനയും ചർച്ചയും നടത്തിയശേഷമേ അത്തരം ബില്ലിംഗ് രീതി പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.