accident

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ടിപ്പർ ദുരന്തം. പനവിള ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ കടന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അദ്ധ്യാപകൻ മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പേയാട് പെരുകാവ് 'ശക്തി' (ടി.സി 5/181)​ യിൽ ഗംഗാധരൻ നായരുടെ മകനും ചാല തമിഴ് ഗവ. വി.എച്ച്.എസ്.എസ് സ്കൂളിലെ വൊക്കേഷണഷൽ ഇൻസ്ട്രക്ടറുമായ സുധീർ (49) ആണ് മരിച്ചത്.

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് പാറക്കല്ല് വീണ് യുവാവിനു ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് തലസ്ഥാനത്ത് വീണ്ടും ടിപ്പർ ദുരന്തമുണ്ടായത്. പനവിളയിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സുധീർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അതേദിശയിലെത്തിയ ടിപ്പർ ലോറിയുടെ മുൻവശം തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ ടിപ്പറിനും സമീപത്തുകൂടി പോവുകയായിരുന്ന ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിപ്പോയി. റോഡിലേക്ക് വീണ സുധീറിന്റെ ശരീരത്തിലൂടെ ടിപ്പറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. സുധീർ തത്ക്ഷണം മരിച്ചു. സ്‌കൂട്ടർ പൂർണമായും തകർന്നു.

സിഗ്നൽ കഴിഞ്ഞശേഷം മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറി ഡ്രൈവർ നെയ്യാറ്റിൻകര കടമ്പനകോണം പെരുമ്പുഴുതു റോഡരികത്ത് വീട്ടിൽ സതീഷ്‌കുമാറിനെ (48) കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സുധീറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ജില്ലാ മെഡിക്കൽ ഓഫീസിൽ ക്ലാർക്കായ സ്മിതയാണ് ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ അരുന്ധതി, അളകനന്ദ.