photo

നെടുമങ്ങാട് : മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാർത്ഥികൾ വിശ്വാസികളുടെ 'വിശ്വാസം' ആർജ്ജിക്കാനുള്ള തത്രപ്പാടിലും.രാവിലെ ക്ഷേത്ര ദർശനം.വൈകിട്ട് പുരോഹിതന്മാരുടെ ആശീർവാദവും നോമ്പുതുറയും.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഇക്കുറി വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രോത്സവ കൊടിയേറ്റിൽ പങ്കെടുത്തു.ബി.ജെ.പി സഖ്യ സ്ഥാനാർത്ഥി വി.മുരളീധരൻ ക്ഷേത്ര ദർശനം നടത്തിയാണ് ഓരോദിവസവും പ്രചാരണം ആരംഭിക്കുന്നത്.ഇന്നലെ ചിറയിൽകാവ് തമ്പുരാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പഞ്ചായത്ത്-ബൂത്തു തല നേതൃസംഗമങ്ങൾക്ക് പിന്നാലെയായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്, ഇന്നലെ പുല്ലമ്പാറ ചേപ്പിലോട് ആയിരവല്ലി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയിലും മീനപൂയ മഹോത്സവത്തിലും പങ്കെടുക്കാനെത്തി. ദർശനം നടത്തി പ്രസാദം വാങ്ങിയ അടൂർ മേൽശാന്തിയോടും കമ്മിറ്റിക്കാരോടും ഭക്തജനങ്ങളോടും വിശേഷം ആരായാനും വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. വെമ്പായത്ത് യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ വിട്ടുവന്ന കുറ്റിയാണി യൂണിറ്റ് സെക്രട്ടറി നിതിൻ രാജിനേയും കൂട്ടുകാരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഭിജിത്ത്.എസ്.കെ അടക്കം നിരവധി നേതാക്കൾ പങ്കെടുത്തു.വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ ചേർന്ന യു.ഡി.എഫ് മാണിക്കൽ മണ്ഡലം കൺവെൻഷൻ അഡ്വ.എം.എ.വാഹിദ് ഉദ്‌ഘാടനം ചെയ്തു.പള്ളിക്കൽ നസീർ അദ്ധ്യക്ഷനായി.ഇന്ന് രാവിലെ കിളിമാനൂരിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം കൺവെൻഷനും വൈകിട്ട് വാമനപുരം,കുറ്റിച്ചൽ, ആര്യനാട് , പോത്തൻകോട് മണ്ഡലം കൺവെൻഷനുകളും നടക്കും.ഇടത് സ്ഥാനാർത്ഥി വി.ജോയ് അരുവിക്കര മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ സന്ദർശനം തുടരുകയാണ്. പൊടിയം മണ്ണാംകോണിൽ രാവിലെ ആരംഭിച്ച യാത്രയിൽ ആദിവാസി ക്ഷേമസമിതി പ്രവർത്തകരും ഒപ്പമുണ്ട്. ചോനംപറയിൽ കാടിന്റെ മക്കളോടൊപ്പം ഉച്ചഭക്ഷണം.വൈകിട്ട് പാങ്കാവ് സെറ്റിൽമെന്റിൽ പര്യടനം പൂർത്തിയാക്കി. കാട്ടുമാങ്ങയും ചെറുതേനും പൂക്കളും സമ്മാനിച്ച് അമ്മമാരും കുട്ടികളുമടക്കം വി.ജോയിയെ യാത്രയാക്കാനെത്തി. ഇന്ന് രാവിലെ അരുവിക്കര മണ്ഡലത്തിലെ കോളേജ് കാമ്പസുകളിലെത്തും.ഉച്ചകഴിഞ്ഞ് ചിറയിൻകീഴ് മേഖലയിൽ 'തീരമാകെ ജോയി കാമ്പെയിനിൽ പങ്കെടുക്കും.നെടുമങ്ങാട് മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ മുൻ ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.മഹേന്ദ്രൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. കെ.എ.അസിസ് സ്വാഗതം പറഞ്ഞു.പി.ഹരികേശൻ നായർ, ലേഖാ സുരേഷ്,പാട്ടത്തിൽ ഷെരിഫ്, സി.എസ് ശ്രീജ, കെ.റഹീം, പി.ജി പ്രേമചന്ദ്രൻ, ബീമാപള്ളി യൂസഫ്,കെ.എ.പെരുമാൾ,സുരേഷ്,ഷിബു എന്നിവർ സംസാരിച്ചു.ബി.ജെ.പി സഖ്യ സ്ഥാനാർത്ഥി വി.മുരളീധരൻ വൈകിട്ട് മലയിൻകീഴിലും പേയാടും പദയാത്രകൾക്ക് നേതൃത്വം നൽകി.സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പദയാത്ര ശക്തിപ്രകടനമായി മാറി.കാട്ടാക്കട അമ്പലത്തിൻകാലയിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് വിഷ്ണുവിനെ നെയ്യാർ മെഡിസിറ്റിയിൽ സന്ദർശിച്ചു.ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ മലയിൻകീഴ് സംഘടിപ്പിച്ച വികസന ചർച്ചയിലും പങ്കെടുത്തു. ജനങ്ങളുടെ ജീവൻ,ലഹരി മാഫിയയുടെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന സമീപനം പിണറായി സർക്കാർ മാറ്റണമെന്ന് വി.മുരളീധരൻ പറഞ്ഞു.കാട്ടാക്കട അമ്പലത്തിൻകാലയിൽ കുത്തേറ്റ ആർ.എസ്.എസ് പ്രവർത്തകൻ വിഷ്ണുവിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.