തിരുവനന്തപുരം: ആരാധകരോട് മലയാളത്തിൽ സംസാരിച്ച് തമിഴ് സൂപ്പർതാരം വിജയ്. തന്നെ കാണാൻ കാര്യവട്ടത്തെ ലൊക്കേഷനിൽ എത്തിയ ആരാധകരോട് സംസാരിക്കാൻ വിജയ് ലൊക്കേഷനിലെ ബസിൽ കയറി. ഒപ്പം കൈയിൽ മൈക്കുമെത്തി.

ദളപതിയുടെ വാക്കുകൾ ഇങ്ങനെ 'ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, അമ്മ, അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനുകോടി നട്രികൾ. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ... ഇത് കേട്ടപ്പോഴും ആരാധകർ ഇളകിമറിഞ്ഞു. ദളപതിക്ക് ജയ് വിളിച്ചു.

ദ ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം തലസ്ഥാനത്തെത്തിയത്. ഹയാത്ത് റസിഡൻസിയിൽ താമസിക്കുന്ന താരത്തെ കാണാൻ ഒട്ടനവധി പേരാണ് എത്തുന്നത്. ഒപ്പം തമിഴ്നാട്ടിൽ നിന്നും ആരാധകരും എത്തുന്നുണ്ട്.

തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയിൽ നിന്നും വിമാനമാർഗം എത്തിയ താരത്തെ കാണാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ ജനത്തിരക്കായിരുന്നു. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് താരത്തിന്റെ വാഹനം കടത്തിവിട്ടത്.