തിരുവനന്തപുരം:തലസ്ഥാന മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചൂടേറ്റി നാട് ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ പ്രചാരണം. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്നലെ പ്രചാരണം തുടങ്ങിയത് നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ നിന്നായിരുന്നു. നെയ്യാറ്റിൻകര രൂപതാ വിൻസെന്റ് സാമുവലിനെ കണ്ട് അദ്ദേഹം അനുഗ്രഹം തേടി. തുടർന്ന് എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലെത്തി. 11.30ഓടെ നെയ്യാറ്റിൻകര കോടതി സമുച്ചയത്തിലെത്തിയ തരൂരിനെ ലായേഴ്സ് കോൺഗ്രസ് ഭാരവാഹികളും മറ്റ് അഭിഭാഷകരും ചേർന്ന് സ്വീകരിച്ചു.ഉച്ചയോടെ നെയ്യാറ്റിൻകര വിശ്വഭാരതീയ പബ്ലിക് സ്‌കൂളിലെത്തി സ്‌കൂളിലെ അദ്ധ്യാപകരോടും അനദ്ധ്യാപക ജീവനക്കാരോടുമൊപ്പം സമയം ചെലവഴിച്ചു. കൃഷ്ണൻ കോവിൽ ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് ചായ കുടിച്ച് വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചു.ചൊവ്വാഴ്ച തിരക്കിട്ട പര്യടനത്തിലായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പൊതുപ്രചാരണ തിരക്കിൽ നിന്ന് വിട്ടുനിന്നു.വ്യക്തിപരമായി അടുപ്പമുള്ള ആൾക്കാരെ കാണാനും അവരുടെ സഹകരണം ഉറപ്പുവരുത്താനുമുള്ള പ്രവർത്തനത്തിലാണ് അദ്ദേഹം മുഴുകിയത്.വൈകിട്ട് മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന ഇഫ്‌താർ പരിപാടിയിൽ പങ്കെടുത്തു.ഇന്ന് എയർപോർട്ട്,ടൈറ്രാനിയം,പ്രധാന പള്ളികൾ തുടങ്ങിയിടങ്ങളിലാണ് പന്ന്യന്റെ പ്രചാരണം.എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ കരിക്കകം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണം ആരംഭിച്ചത്.മീനച്ചൂട് വകവയ്ക്കാതെ ഓരോ വോട്ടർമാരെയും നേരിൽക്കാണാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കരിക്കകത്ത് വിശ്വകർമ്മ ഐക്യവേദി സംസ്ഥാന ചെയർമാൻ ഡോ. ബി. രാധാകൃഷ്ണനുമായി ചർച്ചനടത്തി. തുടർന്ന് കരിക്കകം എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവുമായ കരിക്കകം ആർ.സുരേഷ്,അരശുംമൂട് എസ്.സനൽകുമാർ എന്നിവരുടെ വസതികൾ സന്ദർശിച്ചു. കടകംപള്ളി വാർഡിലെ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഇ.വി.പ്രേമചന്ദ്രൻ നായരുടെ വസതി സന്ദർശിച്ച സ്ഥാനാർത്ഥി ഉള്ളൂർ സെന്റ് തോമസ് കാരുണ്യ ഗെയ്ഡൻസ് സെന്ററിലെ അന്തേവാസികളെയും കണ്ടു. തുടർന്ന് പോങ്ങുമൂട് മലങ്കര ഡി.എം കോൺവെന്റിലെ കന്യാസ്ത്രീകളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.