തിരുവനന്തപുരം: മൺവിള സി.ഇ.ടി മെൻസ് ഹോസ്റ്റലിലും സമീപത്തെ 12 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളിലും മൂന്നു ദിവസമായി വെള്ളമില്ല. ചൊവ്വാഴ്ച രാവിലെ മുതൽ മെൻസ് ഹോസ്റ്റലിലേക്കുള്ള വാട്ടർ അതോറിട്ടിയുടെ ജലവിതരണം നിലച്ചു.
വാട്ടർ അതോറിട്ടിയോട് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. സ്വകാര്യ ടാങ്കറുകാരോട് ആവശ്യപ്പെട്ടെങ്കിലും വെള്ളമില്ലെന്നാണ് മറുപടി. വെള്ളമില്ലാതെ മൂന്നു ദിവസമായി സി.ഇ.ടി മെൻ‌സ് ഹോസ്റ്റലിലെ 400 ഓളം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല.
വെള്ളം മുടങ്ങിയതോടെ തിങ്കളാഴ്ച വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയതിനാൽ ക്ലാസ് നടന്നില്ല. ചൊവ്വാഴ്ച ഓൺലൈനായി ക്ലാസ് നടത്തി. ഇന്നലെ ഉച്ചവരെ റഗുലർ ക്ലാസ് നടത്തി.കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസാക്കി. കോളേജ് കാമ്പസിനകത്തെ ലേഡീസ് ഹോസ്റ്റലിൽ ചെറിയ രീതിയിൽ വെള്ളം ലഭിക്കുന്നു. എന്നാൽ ശ്രീകാര്യം ജംഗ്ഷൻ‌ ഭാഗത്ത് കുടിവെള്ളത്തിന് മുടക്കമില്ല. ജല ദൗർലഭ്യമായതിനാൽ ഇനിമുതൽ സി.ഇ.ടിയിലേക്ക് വെള്ളമെത്തിക്കാൻ കഴിയില്ലെന്ന് വാട്ടർ അതോറിട്ടി എ.ഇ അറിയിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു.
സി.ഇ.ടി മെൻസ് ഹോസ്റ്റൽ, പ്രൊഫസേഴ്സ് ക്വാർ‌ട്ടേഴ്സ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും മൂന്നു ദിവസമായി വെള്ളമില്ല. സി.ഇ.ടി കാമ്പസിലേക്ക് സ്വന്തമായുള്ള കിണറിൽ നിന്നും കുളത്തിൽ നിന്നുമുള്ള വെള്ളമാണ് സി.ഇ.ടി മെയിൻ കാമ്പസിലേക്ക് പമ്പ് ചെയ്യുന്നത്. അതിനാൽ കാമ്പസിൽ കുടിവെള്ളക്ഷാമമുണ്ടായില്ല. ശ്രീകാര്യത്തുണ്ടായ പൈപ്പ് പൊട്ടലിന്റെ ഭാഗമായാണ് ജലം ലഭിക്കാത്തത്. പ്രതിഷേധത്തെ തുടർന്ന് തകരാർ ഒരുവിധം പരിഹരിച്ച് ഇന്നലെ മുതൽ ഹോസ്റ്റലിൽ വെള്ളമെത്തി.