ft

ശംഖുംമുഖം: കാൽനടയാത്രക്കാരൻ ഓട്ടോയിടിച്ച് മരിച്ചു. ആൾസെയിൻസ് ടി.സി. 32/782 ശരവണ, പുതുവൽ പുത്തൻ വീട്ടിൽ ശശിധരൻ (78) യാണ് മരിച്ചത്. ആൾ സെയിൻസ് ജംഗ്ഷനിലെ അയ്യപ്പൻ കോവിലിലാണ് ഇയ്യാൾ ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി ജംഗ്ഷനിലുള്ള ട്രാഫിക്ക് ഐലന്റിന് സമീപത്ത് നിൽക്കുന്ന സമയത്ത് ശംഖുംമുഖം ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ ഇയ്യാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ നിറുത്താതെ കടന്നു കളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇയ്യാളെ നാട്ടുകാർ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വലിയതുറ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടന്നതിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശങ്ങൾ ശേഖരിച്ചാണ് ഓട്ടോയുടെ നമ്പർ കണ്ടെത്തിയത്. ശശിധരന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും. ഭാര്യ:പരേതയായ വിജയമ്മ മക്കൾ: ഷീല, മിനി സനൽകുമാർ മരുമക്കൾ: ഷിജു, ഓമനകുട്ടൻ, ഗീത.