തിരുവനന്തപുരം: അനധികൃതവും തെറ്റായതുമായ വാഹന പാർക്കിംഗ് ഒഴിവാക്കാൻ സഹായിക്കുന്ന ഓൺലൈൻ ആപ്പുമായി ടെക്നോപാർക്കിലെ റിച്ച് ഇന്നൊവേഷൻസ് ടെക്നോളജീസ് എന്ന സ്ഥാപനം രംഗത്തെത്തി. 'ലെറ്റ് മീ ഗോ" എന്നാണ് പേര്. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പ്രകാശനം ചെയ്ത ആപ്പ് വൈകാതെ പ്ലേസ്റ്റോറിലും ആപ്പിൾസ്റ്റോറിലും ലഭ്യമാകും.
കമ്പനിയുടെ സി.ഇ.ഒ റിച്ചിൻ ആർ.ചന്ദ്രൻ ഈ കണ്ടുപിടിത്തത്തിലേക്ക് തന്നെ നയിച്ച അനുഭവത്തെപ്പറ്റി പറയുന്നതിങ്ങന:
'ആറുവർഷം മുമ്പ് അമ്മ യമുനാദേവിക്ക് പക്ഷാഘാതം വന്നു. പറ്രുന്നത്ര വേഗത്തിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ, പ്രവേശനകവാടം മുതൽ വാഹനങ്ങൾ തോന്നുംപോലെ പാർക്ക് ചെയ്തിരുന്നത് സമയം നഷ്ടപ്പെടുത്തി. അല്പംകൂടി വൈകിയെങ്കിൽ ജീവൻ നഷ്ടമായേനെ..."
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പേര്, മെയിൽഐഡി,വാഹനത്തിന്റെ നമ്പർ,ഫോൺ നമ്പർ,രജിസ്ട്രേഷൻ നമ്പർ എന്നിവ നൽകി പ്രൊഫൈൽ സൃഷ്ടിക്കാം. വീടിന്റെയോ സ്ഥാപനത്തിന്റെയോ മുന്നിൽ മാർഗതടസമായി കിടക്കുന്ന വാഹനത്തിന്റെ നമ്പർ ആപ്പിൽ സെർച്ച് ചെയ്താൽ ഉടമയുടെ വിവരങ്ങൾ കിട്ടും. അവരും ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾചെയ്ത് പ്രൊഫൈൽ സൃഷ്ടിച്ചിരിക്കണം എന്ന പരിമിതി നിലവിൽ ഇതിനുണ്ട്. അതിനെ അതിജീവിക്കാനുള്ള സാദ്ധ്യത പഠിച്ചുവരികയാണെന്നും 36 കാരനായ റിച്ചിൻ പറഞ്ഞു. ആപ്പിലൂടെ സന്ദേശമായോ കാളായോ ഉടമയുമായി ബന്ധപ്പെട്ട് വാഹനം അസൗകര്യം സൃഷ്ടിക്കുന്നുവെന്നും മാറ്റിത്തരണമെന്നും അറിയിക്കാം. ഫോട്ടോ എടുത്തും അയയ്ക്കാം. ട്രാഫിക്ക് പൊലീസിനെയും ആപ്പിലൂടെ ബന്ധപ്പെടാം. ആപ്പിൽ ഓരോ ഉപഭോക്താവിനുമുള്ള യുണീക്ക് ഐഡിയിലൂടെയും കാൾ ചെയ്യാം.
രണ്ടാംഘട്ടത്തിൽ ബസർ
പാർക്കിംഗ് നേരെ അല്ലെങ്കിൽ ബസർ അടിക്കുന്ന സംവിധാനവും പാർക്കിംഗ് സ്പേസ് എവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കുന്ന സംവിധാനവും രണ്ടാംഘട്ടത്തിൽ കൊണ്ടുവരും. സ്കൂട്ടറിനും കാറിനും ഹെവി വെഹിക്കിൾസിനും ഉൾപ്പെടെ ഉപയോഗിക്കാം. പരസഹായമില്ലാതെ വാഹനം മാറ്റാൻ പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാർക്കും ആപ്പ് സഹായകമാകും. നിതിൻ,വിഷ്ണു,മേഘ,നൗഫിയ എന്നിവരാണ് കമ്പനിയുടെ ബോർഡിലുള്ളത്.