തിരുവനന്തപുരം:'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുദേവന്റെ നിർദ്ദേശാനുസരണം തുടക്കമിട്ട തലസ്ഥാനത്തെ പ്രമുഖ സ്ഥാപനമായ എസ്.എൻ.വി സദനം ശതാബ്ദി നിറവിൽ.ബിരുദധാരിണികളായ സ്ത്രീകൾ നാമമാത്രമായിരുന്നതിന് കാരണം വിദ്യാർത്ഥിനികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യക്കുറവാണെന്ന് മനസിലാക്കിയ ഗുരുദേവൻ അതിന് പോംവഴിയും കണ്ടെത്തി. അങ്ങനെയാണ് വിദ്യാർത്ഥിനികൾക്ക് താമസസൗകര്യമൊരുക്കാൻ ഗുരുഭക്തയായ ടി.വി.നാരായണി അമ്മയെ ചുമതലപ്പെടുത്തിയത്.പ്രാരംഭ ചെലവിലേക്ക് ഒരു പവനും നൽകി.ബേക്കറി ജംഗ്ഷന് സമീപം 1924 ജൂലായ് 20ന് ശ്രീനാരായണ വിദ്യാർത്ഥിനി സദനം വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. വൈകാതെ സർക്കാർ അംഗീകാരവും ഗ്രാന്റും കിട്ടി.1935ൽ നാരായണി അമ്മ സ്ത്രീ സമാജത്തിന് സദനം വിട്ടുനൽകി.സ്ത്രീസമാജത്തിന്റെ (എസ്.എൻ.വി വിമൻസ് അസോസിയേഷൻ) അന്നത്തെ സെക്രട്ടറിയും വനിതാ ശാക്തീകരണ പ്രവർത്തകയുമായിരുന്ന കെ.ഗൗരിക്കുട്ടി അമ്മ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരെ നേരിൽക്കണ്ട് കെട്ടിടം സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന് വേണ്ടി നിവേദനം നൽകി. പിന്നീട് സദനത്തിന്റെ കാര്യങ്ങൾ ഗൗരിക്കുട്ടി അമ്മ തന്റെ അമ്മാവന്മാരായ സി.ഒ.കരുണാകരൻ,സി.ഒ.മാധവൻ എന്നിവരെ അറിയിച്ചു.അവരുടെ നിർദ്ദേശപ്രകാരം പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. പത്രാധിപർ കെ.സുകുമാരനും ആ കമ്മിറ്റിയിൽ അംഗമായിരുന്നു. സർക്കാരിൽ നിന്ന് 72 സെന്റ് സ്ഥലം പൊന്നും വിലയ്ക്ക് വാങ്ങി.കെട്ടിടനിർമ്മാണ ചെലവിന്റെ പകുതി തുക സർക്കാരും യൂണിവേഴ്സിറ്റിയും നൽകാമെന്നും ധാരണയായി.

1949ൽ തുടങ്ങിയ കെട്ടിടനിർമ്മാണം 1955ൽ പൂർത്തിയായി യൂണിവേഴ്സിറ്റ് ഗ്രാന്റ് ലഭിച്ചിരുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് മാത്രമായിരുന്നു ഹോസ്റ്റൽ പ്രവേശനം.

പിന്നീട് ഉദ്യോഗസ്ഥകളായ വനിതകൾക്ക് വേണ്ടിയുള്ള ഒരു ഹോസ്റ്രലും ഇവിടെ സ്ഥാപിതമായി. ചെറിയ ശമ്പളക്കാരായ വനിതകൾക്ക് തലസ്ഥാനത്ത് സുരക്ഷിതമായി താമസിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ഗൗരിക്കുട്ടി,ഒബ്സർവേറ്ററി കുന്നിന് സമീപം 1959ൽ വിമൻസ് ഹോസ്റ്റൽ തുടങ്ങി.മൂന്ന് ഹോസ്റ്റലുകളിലുമായി 300ഓളം പേർക്കാണ് താമസൗകര്യം.

എസ്.എൻ.വി വിമൻസ് അസോസിയേഷൻ സാമൂഹ്യ ക്ഷേമമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി1968ൽ ശാരദാഗിരികുന്ന് പൊന്നും വിലയ്ക്ക് വാങ്ങി സർക്കാർ സഹായത്തോടെ അമ്മമാർക്കുവേണ്ടി ശാന്തിസദനവും തൊഴിലില്ലാത്ത സാധുസ്ത്രീകൾക്കുവേണ്ടി വിവിധ സംരംഭങ്ങളും കൂടാതെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും ആരംഭിച്ചു. അതോടെ ആ പ്രദേശത്തിന്റെ മുഖച്ഛായ മാറി. ശാരദാഗിരിയിലെ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 1969ൽ തിരുവനന്തപുരത്തെ ഹോസ്റ്റലുകളുടെ ചുമതല ഇന്ദിരരാമചന്ദ്രന് കൈമാറിയിട്ട് ഗൗരിക്കുട്ടി അമ്മ ശാരദാഗിരിയിലേക്ക് താമസം മാറി.എന്നാൽ ഇന്ദിര രാമചന്ദ്രന്റെ അകാല നിര്യാണത്തെ തുടർന്ന് അനിത ബാലരാമൻ സാരഥ്യം ഏറ്റെടുത്തു.കെ.ആർ.ഇന്ദിര ഹൗസിന്റെ നിർമ്മാണം പൂർത്തിയാക്കിയതുൾപ്പെടെ എസ്.എൻ.വി സദനത്തെ സാമ്പത്തിക സുരക്ഷിതത്വമുള്ള വലിയ പ്രസ്ഥാനമാക്കി വളർത്തിയെടുത്തതിന് പിന്നിൽ 38 വർഷങ്ങളായി സെക്രട്ടറി പദം വഹിക്കുന്ന അനിത ബാലരാമന്റെ അക്ഷീണ പരിശ്രമമുണ്ട്.ആർ.രാജേഷാണ് ട്രസ്റ്ര് ബോർഡിന്റെ ചെയർമാൻ.തലസ്ഥാന നഗരിയിലെത്തുന്ന വിദ്യാർത്ഥിനികൾക്കും ഉദ്യോഗസ്ഥരായ വനിതകൾക്കും ഏറ്റവും സുരക്ഷിതമായ ഇടമായി ശോഭിക്കുകയാണ് എസ്.എൻ.വി സദനം.