തിരുവനന്തപുരം: ഞങ്ങളുടെ വയറ്റത്തടിച്ച് എല്ലാ വാതിലും ഒരുമിച്ച് കൊട്ടിയടയ്ക്കേണ്ടിയിരുന്നോ?...ചാലയിലെ വ്യാപാരികൾ ചോദിക്കുന്നത് സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തെക്കുറിച്ചാണ്. പ്രവേശന കവാടങ്ങളെല്ലാം ഒരുമിച്ച് പൊളിച്ചതോടെ ചാലയിലേക്ക് ചരക്ക് ലോറികളുടെ വരവ് പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.കച്ചവടവും പകുതിയിൽ താഴെയായെന്ന് വ്യാപാരികൾ പറയുന്നു.
അട്ടക്കുളങ്ങരയിൽ നിന്നെത്തുന്ന റോഡ്,പവർഹൗസിൽ നിന്നുള്ള റോഡ് എന്നിവയെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്.ആകെയുള്ള വഴി കിള്ളിപ്പാലത്ത് നിന്ന് മാർക്കറ്റിലൂടെ ഈസ്റ്ര് ഫോർട്ടിലേക്കുള്ള റോഡാണ്. ഇടുങ്ങിയ ഈ റോഡിലൂടെ മാർക്കറ്റിലേയ്ക്കെത്തുന്ന ലോറികളാകട്ടെ പിന്നോട്ടെടുത്ത് മാത്രമേ തിരികെ ഇറങ്ങാനാകൂ. ഈ ബുദ്ധിമുട്ടോർത്ത് പല ലോറികളും എത്തുന്നില്ല.മാർക്കറ്റിൽ നിന്ന് അകലെ നിറുത്തുന്ന ലോറികളിൽ നിന്നാകട്ടെ വളരെ ക്ളേശിച്ചാണ് സാധനങ്ങൾ ചുമന്ന് കടകളിലെത്തിക്കുന്നത്.
'എങ്ങനെയെങ്കിലും ചരക്ക് കൊണ്ടുവരാം.ആളുകൾക്ക് കടകളിലേക്ക് വരാനായില്ലെങ്കിൽ എങ്ങനെ കച്ചവടം നടക്കും '... ചോദിക്കുന്നത് സഭാപതി കോവിൽ സ്ട്രീറ്റിലെ അരി,പലവ്യഞ്ജനം മൊത്തവ്യാപാരികളായ എസ്.പോറ്റിവേലു സ്റ്റോഴ്സിലെ ജീവനക്കാരനായ നാഗരാജനാണ്.ദിവസം 30 ചരക്കുലോറികൾ എത്തിയിരുന്ന കൊത്തുവാൾ സ്ട്രീറ്റിൽ ഇപ്പോൾ പകുതിയിൽ താഴെ വാഹനങ്ങൾ മാത്രമേ എത്തുന്നുള്ളൂ.'നിന്നുതിരിയാൻ നേരമില്ലാതെ കച്ചവടം നടന്ന കടയാണ് ഇപ്പോൾ നോക്കൂ,' ആളൊഴിഞ്ഞ കട ചൂണ്ടിക്കാണിച്ച് സങ്കടപ്പെടുകയാണ് ചാലയിൽ കരുപ്പെട്ടിയും പുളിയും വിൽക്കുന്ന ജയപാൽ.
കഷ്ടത്തിലായി
ചുമട്ടുതൊഴിലാളികൾ
ചാലയിലെ വ്യാപാരത്തിനൊപ്പം ചുമട്ടുതൊഴിലാളികളുടെ ഉപജീവനത്തിനും പൂട്ടുവീഴുന്ന തരത്തിലായി സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം.ലോറികൾ വരാതായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായെന്ന് ചുമട്ടുതൊഴിലാളികൾ പറയുന്നു.
വേനൽ കടുക്കുക കൂടി ചെയ്തതോടെ മിക്ക ദിവസവും ഉച്ചവരെ വെറുതെയിരിപ്പാണ്.അശാസ്ത്രീയമായ റോഡ് നിർമ്മാണം വ്യാപാരികൾക്കൊപ്പം തങ്ങളുടെ ജീവിതവും വഴിമുട്ടിച്ചെന്ന് ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനർ ഫസൽ എം.വൈ പറയുന്നു.എല്ലാ റോഡുകളും ഒന്നിച്ച് പൊളിച്ചിട്ടതാണ് പ്രശ്നമായത്.ഒന്നോ രണ്ടോ റോഡുകൾ നിർമ്മാണം പൂർത്തിയാക്കി അടുത്തവ പൊളിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ലെന്നും ഫസൽ പറയുന്നു.ചൂട് കൂടുമ്പോൾ ജോലി സമയം ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ക്രമീകരിച്ചിരിക്കുന്നതിനാൽ പൊതുവേ ജോലി കുറവാണ്. ഇതിനൊപ്പം ലോറികളുടെ വരവ് തീരെ കുറഞ്ഞതോടെ പ്രതിസന്ധി കടുത്തെന്ന് തൊഴിലാളികൾ പറയുന്നു.