
വിഴിഞ്ഞം: കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കൃഷിക്കൂട്ടങ്ങളുടെ വേനൽക്കാല വിളവെടുപ്പ് ആരംഭിച്ചു. വാഴ,പച്ചക്കറികൾ സുഗന്ധവിളകൾ, കൂൺ,റാഗി,നെൽകൃഷി എന്നിവയാണ് കൃഷിക്കൂട്ടങ്ങൾ കൃഷി ചെയ്തുവരുന്നത്. കല്ലിയൂർ കൃഷിഭവൻ പരിധിയിൽ ആകെ 212 കൃഷി കൂട്ടങ്ങളാണ് കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് കൃഷി ഓഫീസർ സ്വപ്ന പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നിലം ഒരുക്കൽ നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന കാർഷിക ഉത്പന്നങ്ങൾ കൃഷിഭവൻ, ഇക്കോ ഷോപ്പ്, ഓൺലൈൻ മാർക്കറ്റ് മുഖേനയാണ് വിപണി ഉറപ്പാക്കുന്നത്.വിഷുക്കാല വിളവെടുപ്പിനായി പച്ചക്കറികൾ തയ്യാറായി വരുന്നു കൂടാതെ ഓൺലൈൻ മാർക്കറ്റ് മുഖേന വിപണനത്തിനായി കണ്ടി വെള്ളരി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കൂൺ കൃഷി ചെയ്യുന്ന കൃഷി കൂട്ടങ്ങളും ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്.കൃഷിക്കൂട്ടങ്ങളുടെ കൃഷി നിലനിറുത്തി പോകുന്നതിനായി ഇവർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വിത്ത്,തൈകൾ,ജൈവവളം,ജൈവ കീടനാശിനികൾ എന്നിവ കൃഷിഭവൻ മുഖാന്തരം വിവിധ പദ്ധതികളിലൂടെ നൽകിവരുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുറഞ്ഞത് രണ്ടിനം പച്ചക്കറി എന്ന പദ്ധതിയും ഇവിടെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. വിളവെടുപ്പിൽ കൃഷിക്കൂട്ടം അംഗങ്ങളോടൊപ്പം കൃഷി ഓഫിസറെ കൂടാതെ കൃഷി അസിസ്റ്റന്റുമാരായ രമണി,ആശാ അനിൽകുമാർ കാർഷിക കർമ്മ സേന അംഗങ്ങൾ എന്നിവരും പങ്കെടുത്തു.