agniban

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ് നിർമ്മിച്ച അഗ്നിബാൺ റോക്കറ്റിന്റെ ആദ്യവിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയിലെ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ആദ്യ റോക്കറ്റാണിത്.

ശ്രീഹരിക്കോട്ടയിൽ അഗ്നികുൽതന്നെ നിർമ്മിച്ച് നിയന്ത്രിക്കുന്ന ചലിപ്പിക്കാവുന്ന വിക്ഷേപണത്തറയായ "ധനുഷി"ൽ നിന്നാവും റോക്കറ്റ് വിക്ഷേപിക്കുകയെന്ന് അഗ്നികുൽ സി.ഇ.ഒ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. വിക്ഷേപണസമയം വ്യക്തമാക്കിയിട്ടില്ല.ഐ.എസ്.ആർ.ഒ യുടെ സഹായത്തോടെയാണ്‌ റോക്കറ്റ് നിർമ്മാണവും വിക്ഷേപണവും നടത്തുന്നത്. 100 കിലോഗ്രാമിൽതാഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റർവരെ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ളതാണ് അഗ്നിബാൺ. മണ്ണെണ്ണയും ഏവിയേഷൻ ടർബൈൻ ഇന്ധനവും ദ്രവഓക്സിജനും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സെമിക്രയോജനിക് എൻജിൻ ഉപയോഗിച്ചാണ് അഗ്നിബാൺ കുതിക്കുക.

മൂന്ന് സ്റ്റേജുണ്ട് ഇതിന്. ഇന്ന് ഭൂമിയിൽ നിന്ന് 20കിലോമീറ്റർ ഉയരത്തിൽ മാത്രമാണ് പോകുക. റോക്കറ്റിൽ 7കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാതൃകയും ഉണ്ടായിരിക്കും. സബ് ഓർബിറ്റൽ ടെക് ഡെമോസ്ട്രേഷൻ എന്നാണ് ഇന്നത്തെ പരീക്ഷണത്തിന്റെ പേര്. റോക്കറ്റ് ഭൂമിയിൽനിന്ന് ഉയർന്ന് പൊങ്ങിയശേഷം തിരിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കും. കഴിഞ്ഞ വർഷം ജൂലായ് 4ന് സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ഐ.എസ്.ആർ.ഒ സ്റ്റേഷൻ പരീക്ഷണം മാത്രമാണ് നടത്തിയിട്ടുള്ളത്. അതിന്റെ ആകാശ പരീക്ഷണമാണ് സ്വകാര്യ സ്ഥാപനം ഇന്ന് നടത്തുന്നത്.

ഉയരം 18മീറ്റർ,വ്യാസം 1.3മീറ്റർ,ഭാരം 580കിലോഗ്രാം.

ത്രിമാന പ്രിന്റിംഗ് സാങ്കേതിക വിദ്യ

ത്രിമാന പ്രിന്റിംഗ് സാങ്കേതിക വിദ്യയുപയോഗിച്ച്‌ റോക്കറ്റ് എൻജിൻ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ് അഗ്നികുൽ. ഏച്ചുകൂട്ടലുകളില്ലാതെ റോക്കറ്റ് എൻജിൻ ഒറ്റ വാർപ്പിൽ നിർമ്മിക്കാമെന്നതാണ് ത്രിമാന പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സവിശേഷത. ആഴ്ചയിൽ രണ്ട്‌ റോക്കറ്റ് എൻജിൻ നിർമ്മിക്കാനുള്ളശേഷി അഗ്നികുലിനുണ്ട്. 2017ൽ പ്രവർത്തനമാരംഭിച്ചു. ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിൽ റോക്കറ്റ് ഫാക്ടറിയുണ്ട്.