s

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ നല്‌കുന്ന സർജിക്കൽ സ്ഥാപനങ്ങൾ വിതരണം നിറുത്തി വയ്ക്കുമെന്ന മുന്നറിയിപ്പ് ആശങ്കാജനകമാണ്. ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ ഭീമമായ കുടിശ്ശിക ലഭിക്കാനുള്ളതാണ് അടിയന്തര പ്രതിഷേധ മാർഗങ്ങളിലേക്ക് കടക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളെ ആശ്രയിച്ചു കഴിയുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ സംബന്ധിച്ചിടത്തോളം തലയിൽ ഇടിത്തീ വീഴ്‌ത്തുന്ന നീക്കമാണിത്.

143 കോടി രൂപയുടെ കുടിശ്ശിക ഉടൻ നൽകണമെന്നാണ് സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ഡിസംബർ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കുടിശ്ശികയാണ് നൽകാനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 50 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഈ മാസം 31നകം ഈ തുക നൽകിയില്ലെങ്കിൽ ഉപകരണങ്ങൾ തുടർന്ന് നൽകില്ലെന്ന് കാട്ടി സർജിക്കൽ സ്ഥാപനങ്ങളുടെ വിതരണ കൂട്ടായ്മയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിനു കത്ത് നൽകിയിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി 23.14 കോടിരൂപയും ജനറൽ ആശുപത്രി 3.21 കോടി രൂപയും നൽകാനുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ ഉപകരണങ്ങൾ നൽകുന്നത് സ്ഥാപനങ്ങൾ നിറുത്തി വച്ചതിനെ തുടർന്ന് ഹൃദയ സംബന്ധമായ ശസ്ത്ര ക്രിയകൾ ഒരാഴ്ച മുടങ്ങിയിരുന്നു. രണ്ടു മാസത്തെ തുകയായ ആറുകോടി രൂപ നൽകിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

ഹൃദയരോഗ ചികിത്സയ്ക്കാവശ്യമായ സ്റ്റെന്റ് ഉൾപ്പെടെയു ള്ളവയുടെ വിതരണം തടസ്സപ്പെട്ടാൽ അത് ഹൃദയ ശസ്ത്രക്രിയയെ ബാധിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. കാത്ത് ലാബിലേയ്ക്ക് വേണ്ട പേസ് മേക്കർ, ബലൂൺ തുടങ്ങിയ ഉപകരണങ്ങൾക്കും ക്ഷാമമുണ്ടാകും. കൊവിഡ് വന്നതിനുശേഷം ഹൃദയവുമായി ബന്ധപ്പെട്ട രോഗചികിത്സകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ചികിത്സ ലഭിക്കാതെ വരുമ്പോൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പാങ്ങുള്ളവർ അങ്ങോട്ടു പോകും. പക്ഷേ പാവപ്പെട്ടവരുടെ സ്ഥിതി മറിച്ചാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ദൗർലഭ്യം അടിക്കടി ഉണ്ടാകാറുണ്ട്. ആരോഗ്യവകുപ്പ് അക്കാര്യങ്ങളിൽ ഇടപെടാറുണ്ടെങ്കിലും പരിപൂർണമായ ഒരു പരിഹാരം ഇനിയും ഉണ്ടായിട്ടില്ല. അതിനിടെയാണ് ഈ കുരുക്ക് കൂടി വന്നിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് സർക്കാരിനു മാറി നിൽക്കാവുന്ന വിഷയം അല്ലിത്. ഇന്ന് ആശുപത്രി സൂപ്രണ്ടുമാരുമായി സർജിക്കൽ സ്ഥാപനങ്ങൾ ചർച്ച നടത്തുന്നുണ്ട്. മരുന്ന് ക്ഷാമത്തിൽ വലയുന്ന സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയകൂടി മുടങ്ങിയാൽ രോഗികളുടെ കാര്യം കഷ്ടമാകും.

അതുകൊണ്ട് ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെടണം. വിഷയം പരിഹരിക്കണം. തിരഞ്ഞെടുപ്പ് കാലമാണ്. രാഷ്ട്രീയക്കാർക്ക് തിരക്കുകളുണ്ടാകാം. എന്നാൽ വോട്ടു ചോദിച്ചു മുന്നിലേക്ക് ചെല്ലേണ്ട വലിയൊരു ജനവിഭാഗത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നമാണിത് എന്നത് മറക്കരുത്. ജനങ്ങളുടെ നിത്യ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുക തന്നെയാണ് ജനക്ഷേമംആഗ്രഹിക്കുന്ന ഏതൊരു സർക്കാരിന്റെയും പ്രധാന കടമ.