loksabha-election

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആവേശകരമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവമാണ് ഇവിടെ മത്സരത്തിന്റെ വീര്യം കൂട്ടുന്നത്. സിറ്റിംഗ് എം.പിയും തിരഞ്ഞെടുപ്പുകളിൽ പരാജയം നുണഞ്ഞിട്ടില്ലാത്ത കോൺഗ്രസിന്റെ വിന്നിംഗ് ഹീറോ അടൂർപ്രകാശിലൂടെ മണ്ഡലം നിലനിറുത്താനുള്ള കടുത്ത പോരാട്ടത്തിലാണ് യു.ഡി.എഫ്. മണ്ഡലത്തിൽ അന്യനല്ലാത്ത വി.ജോയിയെ ഇറക്കിയാണ് അടൂരിന്റെ തേരോട്ടത്തിന് തടയിടാൻ ഇടതുപക്ഷ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി എന്ന പ്രൗഢിക്കുപരി ബി.ജെ.പിയെ സംസ്ഥാനത്ത് ഏറെക്കാലം നയിച്ച നേതാവ് കൂടിയായ വി.മുരളീധരനെ ഇറക്കിയാണ് ബി.ജെ.പി മത്സരം ശക്തമാക്കുന്നത്. വേനൽചൂടിനെക്കാൾ എരിപൊരി കൊള്ളുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.

ജനങ്ങളിൽ പൂർണ്ണ വിശ്വാസം: അടൂർ പ്രകാശ്

(യു.ഡി.എഫ് സ്ഥാനാർത്ഥി)

അഞ്ചുവർഷം മണ്ഡലത്തിലെ ജനങ്ങൾക്കായി അവർ ആഗ്രഹിച്ചതും പ്രതീക്ഷിക്കാത്തതുമായ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് ഇത്തവണ മത്സരിക്കുന്നത്. പാർലമെന്റിൽ ശബ്ദമുയർത്തിയാണ് മുടങ്ങിക്കിടന്ന ബൈപ്പാസ് നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുത്തത്. 500ലധികം മിനിഹൈമാസ് ലൈറ്റുകൾ മണ്ഡലത്തിലാകെ സ്ഥാപിച്ചു. എം.പി ഫണ്ടിൽ നിന്നും പട്ടികജാതി- വർഗ കോളനികളിലേക്കാണ് 45 ലക്ഷം രൂപ ചെലവഴിക്കുന്നത്. തലസ്ഥാന ജില്ലയ്ക്ക് അനുവദിച്ച 22 ഗ്രാമീണ റോഡുകളിൽ 16 എണ്ണവും മണ്ഡലത്തിനായി നേടിയെടുത്തു. കേന്ദ്രത്തിന്റെ ഔദാര്യങ്ങൾ വാങ്ങാനല്ല ജനങ്ങളുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാനാണ് എന്നെ തിരഞ്ഞെടുത്തത്. പാർലമെന്റിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു. രാജ്യ, സംസ്ഥാന, മണ്ഡല താത്പര്യങ്ങൾ മുൻനിറുത്തിയാണ് ചോദ്യങ്ങളൾ ഉന്നയിച്ചത്. എതിർ സ്ഥാനാർത്ഥികളുടെ മത്സരത്തെ ഗൗരവമായി കാണുന്നു. ഇത്തവണ 1,72,000ത്തോളം കള്ളവോട്ടുകൾ കണ്ടെത്തി നൽകിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തിട്ടില്ല. കള്ളവോട്ട് തടയാൻ ഏതറ്റം വരെയും പോകും. മണ്ഡലത്തിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്.

മുഖ്യഅജൻഡ വികസനം: വി.ജോയ്

(എൽ.ഡി.എഫ് സ്ഥാനാർത്ഥി)

ആറ്റിങ്ങൽ തിരിച്ചുപിടിക്കുകയെന്നതാണ് പ്രധാന അജൻഡ. അതിനായുള്ള പ്രവർത്തനങ്ങളാണ് നല്ല നിലയിൽ നടക്കുന്നത്. മണ്ഡല വികസനത്തിലുണ്ടായ പാളിച്ചയാണ് മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിലെ ജനത്തിനൊപ്പം നിന്ന് ആവശ്യങ്ങളും ആവലാതികളും അറിഞ്ഞു പ്രവർത്തിക്കുകയെന്നതാണ് ജനപ്രതിനിധിയുടെ കടമ. നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷം ആറ്രിങ്ങലിലെ ജനങ്ങൾക്ക് അങ്ങനൊരു അനുഭവമുണ്ടായിട്ടില്ല. അതിലുള്ള എതിർപ്പ് ജനം പ്രകടിപ്പിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ കിട്ടുന്ന പ്രതികരണവും അതാണ്. ആറ്റിങ്ങൾ ബൈപ്പാസ് നിർമ്മാണത്തെക്കുറിച്ചാണ് യു.ഡി.എഫ് ഊറ്റംകൊള്ളുന്നത്. അത് ദേശീയപാതയുടെ ഭാഗമാണ്. നാഷണൽ ഹൈവേ അതോറിട്ടിയാണ് അത് നിർമ്മിക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമെടുപ്പെല്ലാം വിജയകരമായി പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരാണ്. അല്ലാതെ വികസനം എന്ന പേരിൽ എടുത്തുപറയാവുന്ന ഒരു പ്രവർത്തനവും അഞ്ചുവർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല. ഇതെല്ലാം ജനങ്ങൾ വിലയിരുത്തുമെന്നു തന്നെയാണ് വിശ്വാസം.

സദ്ഭരണത്തിന്റെ നേട്ടം ഉറപ്പാക്കും:

വി.മുരളീധരൻ (എൻ.ഡി.എ സ്ഥാനാർത്ഥി)

അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടിയത് ജനപക്ഷ വികസനം നയമാക്കിയതിനാലാണ്. അതിന്റെ ഗുണഫലം ഓരോ പൗരനിലും എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങൾ ജീവിത നിലവാരം മെച്ചപ്പെടുത്തുമ്പോൾ രാജ്യം വികസനത്തിലേക്ക് കുതിക്കും. നല്ല റോഡ്, വീട്, തൊഴിൽ അവസരങ്ങൾ, ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു. 2047ഓടെ വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. അതിനുള്ള മുന്നേറ്റത്തിൽ കേരളത്തെയും പങ്കാളിയാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പല ജനക്ഷേമപദ്ധതികളും രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നിഷേധിക്കുകയാണ്. അത് ചോദ്യം ചെയ്യാൻ ജനപ്രതിനിധികളില്ലാത്ത സ്ഥിതിയാണിവിടെ. ഇവിടെയും വികസനത്തിന്റെ പുതിയ നാളുകൾ എത്തിച്ചേരണം. ആറ്റിങ്ങൽ വികസനത്തിന് ഏറെ സാദ്ധ്യതകളുള്ള പ്രദേശമാണ്. മാറിമാറിവരുന്ന സംസ്ഥാന സർക്കാരുകളും ഇവിടെനിന്ന് ജയിച്ചുപോയവരും അത്തരം സാദ്ധ്യതകളെ വിനിയോഗിക്കാൻ താത്പര്യം കാട്ടിയിട്ടില്ല.