road

വക്കം: ആലംകോട് മീരാൻകടവ് റോഡുപണി ആരംഭിച്ചിട്ട് 5 വർഷമായി. എന്നിട്ടും ഇതുവരെ പണിപൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ കാലയളവിൽ ഇവിടുത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണാതായതോടെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുകയാണ്. ആലംകോട് മുതൽ നിലയ്ക്കാമുക്ക് മാർക്കറ്റ്‌വരെയുള്ള പണി പൂർത്തീകരിച്ചു. ബാക്കി 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ നിർമ്മാണം എന്നുപൂർത്തിയാക്കുമെന്നതിൽ യാതോരു ഉറപ്പുമില്ല.

പ്രവർത്തികൾ ആരംഭിക്കുന്ന സമയത്ത് ആലംകോട് മുതൽ മണനാക്ക് വരെയുള്ള റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന് കാണിച്ച് പ്രദേശവാസികൾ തടഞ്ഞിരുന്നു. അതൊക്കെ പരിഹരിച്ച് മുന്നോട്ടുപോയി നിലയ്ക്കാമുക്ക് വരെ പണി പൂർത്തീകരിച്ചു. എന്നാൽ പലയിടങ്ങളിലും റോഡിന്റെ വീതി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വക്കം, കടയ്ക്കാവൂർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും അതും അറ്റം കണ്ടില്ല.

1. അനുവദിച്ച തുക....... 32.98 കോടി

2.ഫണ്ട് അനുവദിക്കുന്നത്....... കേരള റോഡ് വികസന ഫണ്ട് ബോർഡ്

3. റോഡ് നിർമ്മിക്കുന്നത്.....ആലംകോട് മുതൽ 9 മീറ്റർ വീതിയിലും മണനാക്ക് മുതൽ മീരാൻ കടവ് വരെ 7 മീറ്റർ വീതിയിലും

 ഗതാഗത തടസവും

ഓടയോട് ചേർന്ന് റോഡിലേക്ക് ഫെൻസ് സ്ഥാപിച്ചതോടെ പ്രദേശവാസികളുടെ വാഹനങ്ങൾ സ്വന്തംവീട്ടിലേക്ക് കയറ്റാൻകഴിയാതെയായി. ഇതോടെ വാഹനങ്ങൾ റോഡിൽതന്നെ പാർക്ക് ചെയ്തു. നിലയ്ക്കാമുക്ക് ചന്തയ്ക്കു മുന്നിൽ റോഡിന്റെ വീതി കുറഞ്ഞതുകാരണം ഇവിടെ ഗതാഗത തടസവും രൂപപ്പെട്ടുതുടങ്ങി. പണിപൂർത്തിയാകാത്തതുകാരണം പ്രദേശം മുഴുവൻ പൊടി നിറഞ്ഞുകഴിഞ്ഞു. പ്രദേശവാസികൾക്കും കച്ചവടക്കാർക്കും തൊട്ടടുത്ത സ്കൂൾ കുട്ടികളുമുൾപ്പെടെയുള്ളവർ പൊടിശല്യം കൊണ്ട് വീർപ്പുമുട്ടുകയാണ്. വീടിന് അകത്തുവരെ പൊടിനിറഞ്ഞുകഴിഞ്ഞു.

 ഓടനിർമ്മാണം പെരുവഴിയിൽ

പലയിടത്തും ഓടയുടെ നിർമ്മാണവും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. വെള്ളം റോഡിൽ കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിനായി ഓട ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 300 മീറ്റർ അകലത്തിൽ ആലംകോട് മുതൽ മീരാൻകടവ് വരെ കലുങ്ക് നിർമ്മാണമാണ് തുടക്കത്തിൽ ആരംഭിച്ചത്. ശേഷം നിലയ്ക്കാമുക്ക് വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കി. ബാക്കിയുള്ള ഭാഗം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു. ഇതിനായി നിലയ്ക്കാമുക്ക് മുതൽ മീരാൻകടവ് വരെയുള്ള റോഡ് വെട്ടിപ്പൊളിച്ച് ചല്ലി നിരത്തിയെങ്കിലും പണി പൂർത്തിയാക്കിയിട്ടില്ല.