
ടി.ജെ. ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനിൽ ഫഹദ് ഫാസിൽ വില്ലൻ. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ ഭാഗമാവുന്നത്. ഹൈദരാബാദിലെ കടപ്പയിലാണ് രജനികാന്തും ഫഹദും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. ജയിലർ സിനിമയിൽ വിനായകന്റെ ശക്തമായ പ്രതിനായക വേഷംപോലെയാണ് ഫഹദ് കഥാപാത്രവും എന്നാണ് വിവരം.
ജയിലറിലെ പോലെ മലയാളത്തിൽ നിന്ന് വില്ലൻ വേണമെന്ന് രജനികാന്ത് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. രജനികാന്തും ടി.ജെ. ഞ്ജാനവേലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വേട്ടയ്യൻ ഇൗവർഷം തന്നെ റിലീസ് ചെയ്യും. അതേ സമയം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഒാടും കുതിര ചാടും കുതിര ആണ് ഫഹഹദ് ഫാസിൽ നായകനായി ചിത്രീകരണത്തിന് ഒരുങ്ങുന്നത്. കല്യാണി പ്രിയദർശൻ ആണ് നായിക. ഒാണം റിലീസായാണ് ഒാടും കുതിര ചാടും കുതിര ഒരുങ്ങുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമായ കരാട്ടെ ചന്ദ്രൻ ആണ് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന മറ്രൊരു ഫഹദ് ഫാസിൽ ചിത്രം. നവാഗതനായ റോയ് ആമ് സംവിധാനം . മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടറായിരുന്നു റോയ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. കുമ്പളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ ചിത്രം.