
ബാലരാമപുരം: തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടേറിയതോടെ മുന്നണികളുടെ തിരഞ്ഞെടുപ്പ് അങ്കം കാണാൻ ജനം ആകാംഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നും കൂടുതൽ പേരെ കേന്ദ്രത്തിലെത്തിച്ച് പിണറായി സർക്കാരിന്റെ പടയോട്ടത്തിന് ശക്തിപകരാനാണ് എൽ.ഡി.എഫ് കരുക്കൾ നീക്കുന്നത്. കേന്ദ്രത്തിൽ യു.ഡി.എഫിന്റെ പ്രസക്തിയും മതേതര ഐക്യവും പൗരത്വബില്ലിനെതിരെയുള്ള ന്യൂനപക്ഷ പ്രീണനവുമാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. വികസന സാദ്ധ്യതകൾ എണ്ണിപ്പറഞ്ഞും തിരുവനന്തപുരത്തിന് ഒരു കേന്ദ്രമന്ത്രി എന്ന അവകാശവാദവുമായാണ് ബി.ജെ.പി അങ്കത്തിനിറങ്ങുന്നത്.
പ്രചാരണവേഗം കൂട്ടി എൽ.ഡി.എഫ്
തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പ്രചാരണത്തിൽ കുതിച്ചുയരുകയാണ് എൽ.ഡി.എഫ്. 101 പേരടങ്ങുന്ന മേഖലാ കമ്മിറ്റികൾ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നത്. കൂടുതൽ ഘടകകക്ഷി നേതാക്കളെ ഉൾപ്പെടുത്തി മേഖലാ കൺവെൻഷനുകളിൽ തിരഞ്ഞെടുപ്പ് ചുമതലകൾ കൈമാറി. മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ച് എത്തുന്ന പന്ന്യൻ രവീന്ദ്രന് വൻ സ്വീകരണമാണൊരുക്കുന്നത്. എൽ.ഡി.എഫ് കാരോട് മേഖലാ കൺവെൻഷൻ കാരോട് അഞ്ചു ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ, ആർ.ജെ.ഡി നേതാവ് കോമളദാസ്, എസ്. ഭൂവനചന്ദ്രൻ, എസ്.ബി ആദർശ്, എൽ. മധു, സുബീഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.ബി ആദർശ് ചെയർമാനും എൽ. ശശികുമാർ കൺവീനറുമായ കമ്മിറ്റിരൂപീകരിച്ചു.വട്ടവിളയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെ. ജോജി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. എൻ ശ്രീകുമാരൻ, കടകുളം ശശി, വട്ടവിള ഷാജി, വി.ആർ. സലൂജ തുടങ്ങിയവർ സംസാരിച്ചു. ജെ. ജോജി ചെയർമാനായും വട്ടവിള ഷാജി കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു.ചെങ്കലിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി.വി. വിശാഖ് സ്വാഗതം പറഞ്ഞു. ജി.എൻ. ശ്രീകുമാരൻ, വട്ടവിള ഷാജി, അഡ്വ. ബെൻസിഗർ, ഡി.ആർ. വിനോദ്, ചെങ്കൽ സുരേഷ്, പനവിള രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വി.വി. വിശാഖ് ചെയർമാനായും കെ.എസ്. സന്തോഷ് കുമാർ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു.എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ടി.ബി ജംഗ്ഷനിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.എസ്. ആനന്ദകുമാർ,സി.പി.എം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ ശ്രീകുമാരൻ, എസ്. രാഘവൻനായർ, കെ.എസ്. അനിൽ, കൊടങ്ങാവിള വിജയകുമാർ എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുപ്പ് ചൂടിൽ ശശി തരൂർ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറസാന്നിദ്ധ്യമായി തന്റെ വിജയം ഇക്കുറിയും ഊട്ടിയുറപ്പിക്കാൻ ശശിതരൂർ പോർക്കളത്തിലുണ്ട്. നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി പാർക്കിന് സമീപത്തുള്ള ജയകൃഷ്ണ ഹോട്ടലിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും അദ്ദേഹമെത്തി. നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിലെ അദ്ധ്യാപകരേയും മറ്റ് ജീവനക്കാരേയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. നെയ്യാറ്റിൻകര അതിരൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവേൽ തിരുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച് നടത്തി. വൈദികരോടൊപ്പവും സമയം ചെലവഴിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജും ഒപ്പമുണ്ടായിരുന്നു. ബാലരാമപുരത്ത് തെക്കേക്കുളം കൽപ്പടിയിൽ ഹാളിൽ നടന്ന കോവളം മണ്ഡലം തിരഞ്ഞെടുപ്പ് ബൂത്ത് കൺവെൻഷൻ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ വിൻസെന്റ് ഡി. പോൾ, കോളിയൂർ ദിവാകരൻ നായർ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ, ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, ചുമതലയുള്ള ഡി.സി.സി സെക്രട്ടറി വി.എസ്.ഷിനു, ഹുമയൂൺ കബീർ, അന്തിയൂർ ശിവൻകുട്ടി, എം.നിസ്താർ, എൽ.ജോസ് തുടങ്ങിയവർ സംസാരിച്ചു. എ.അർഷാദ് ചെയർമാനായും നെല്ലിവിള സുരേന്ദ്രൻ കൺവീനറുമായ നൂറംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.
പുതിയ തുടക്കത്തിന് യുവാക്കൾ
ഐ.ടി വിദ്യാർത്ഥികളെ അണിനിരത്തി പ്രചാരണത്തിന് പുതുഭാവം വരുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ ഫോട്ടോ പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ച് ദേശീയപാതയിൽ വിദ്യാർത്ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ചുള്ള കാമ്പെയിനും ബി.ജെ.പി ആരംഭിച്ചു. പ്രൊഫഷണൽ വിദ്യാർത്ഥികളെ നേരിൽ സന്ദർശിച്ചാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സർവ്വേ. എന്തുകൊണ്ട് മോദി സർക്കാർ വീണ്ടുമെന്ന- ടാഗ്‌ലൈൻ ആണ് ബി.ജെ.പിയുടെ പ്രചാരണ ആയുധം. കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിർമ്മാണത്തിലെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് എസ്.എൻ.ഡി.പിയോഗം വേങ്ങപ്പൊറ്റ ശാഖയിൽ പ്രചാരണത്തിനെത്തിയ രാജീവ് ചന്ദ്രശേഖർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. കഴിഞ്ഞ ദിവസം മുടവൻമുകൾ എൻ.എസ്.എസ് കരയോഗത്തിലും കേരള വണികവൈശ്യ സംഘടനയുടെ സംസ്ഥാനയോഗത്തിലും അദ്ദേഹം പങ്കെടുത്തു. കോവളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കാര്യാലയങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രചാരണപരിപാടികൾക്ക് ആക്കംകൂട്ടാനും ന്യൂനപക്ഷവോട്ടുകൾ കൈപ്പിടിയിലൊതുക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം.