
വർക്കല: ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് വി.ജോയി ഇന്നലെ പര്യടനം ആരംഭിച്ചത്.മേനംകുളം കിൻഫ്ര പാർക്കിലെത്തി സ്ത്രീ തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. സ്ത്രീ സൗഹാർദ്ദമായ തൊഴിലിടങ്ങളുടെ പുതിയ മാതൃക തീർക്കുകയാണ് കിൻഫ്ര പാർക്കെന്ന് വി.ജോയി പറഞ്ഞു. കളിപ്പാട്ട നിർമ്മാണം മുതൽ സമുദ്രോത്പന്നങ്ങളുടെ സംസ്കരണം വരെ ഏറ്റെടുത്ത് ചെയ്യുന്ന വനിതകളാണ് ഇവിടെയുള്ളത്. സ്ത്രീ തൊഴിലാളികൾക്ക് ഇരുന്നു ജോലിചെയ്യാൻ കഴിയുന്ന നിയമം കേരളത്തിൽ സാദ്ധ്യമാക്കിയത് ഇടതുപക്ഷ സർക്കാരാണെന്നും വി.ജോയി പറഞ്ഞു. വെഞ്ഞാറമൂട് വേങ്കമല ക്ഷേത്രത്തിൽ ജോയിയും അടൂർ പ്രകാശും ദർശനം നടത്തി. പൊങ്കാലയ്ക്കെത്തിയ ഭക്തജനങ്ങളെ നേരിൽക്കണ്ട് ഇരുവരും വോട്ടഭ്യർത്ഥിച്ചു.ആറ്റിങ്ങലിലെയും വർക്കലയിലെയും പൗരപ്രമുഖരുമായി വി.ജോയി ഇന്ന് കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞദിവസം മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളേജിലെ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം വിദ്യാർത്ഥികളുമായി അടൂർ പ്രകാശ് സംവദിച്ചു. വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസനപദ്ധതികൾ വിദ്യാർത്ഥികളുമായി പങ്കുവയ്‌ക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.വൈകിട്ട് ചിറയിൻകീഴിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ശബരീനാഥ് ഉദ്ഘാടനം ചെയ്തു.ഇന്ന് അരുവിക്കര, നെടുമങ്ങാട്,കിളിമാനൂർ, മുദാക്കൽ,പനവൂർ എന്നിവിടങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുക്കും.
എൻ.ഡി.എയുടെ ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദഘാടന ചടങ്ങുകളിൽ കുമ്മനം രാജശേഖരനൊപ്പം വേദി പങ്കിട്ടാണ് ഇന്നലെ മുരളീധരൻ പ്രചാരണം ആരംഭിച്ചത്.എതിർ സ്ഥാനാർത്ഥികളുടെ ട്രാക്ക് റെക്കാഡുകൾ ജനങ്ങൾക്കിടയിൽ വിചാരണ ചെയ്യപ്പെടുമെന്ന് വി . മുരളീധരൻ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പ്രകാശനം ജി.കൃഷ്ണകുമാർ നിർവഹിച്ചു.ആറ്റിങ്ങലിൽ നടന്ന വികസന ചർച്ചയിലും അദ്ദേഹം പങ്കെടുത്തു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തെ കൊയ്ത്തൂർക്കോണത്തെ സെമിനാരിയിലെത്തി കൂടിക്കാഴ്ച നടത്തി. വൈകിട്ട് വർക്കലയിൽ മുരളീധരനും കുമ്മനം രാജശേഖരനും നേതൃത്വം നൽകിയ പദയാത്രയും നടന്നു.ഇന്ന് ചിറയിൻകീഴ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ് സന്ദർശിക്കും. ഉച്ചയ്‌ക്ക് ആര്യനാട് നടക്കുന്ന വികസന ചർച്ചയിലും നാരുവാമൂട് ,കാട്ടാക്കട എന്നിവിടങ്ങളിലെ പദയാത്രയിലും പങ്കെടുക്കും.