തിരുവനന്തപുരം: ടിപ്പർ ലോറിയുടെ അമിതവേഗത്തെ തുടർന്നുണ്ടായ അപകടത്തിൽ പനവിളയിൽ ജീവൻപൊലിഞ്ഞ വൊക്കേഷണഷൽ ഇൻസ്ട്രക്ടർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.ചാല തമിഴ് ഗവ.വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐയിലെ ഇൻസ്ട്രക്ടർ പേയാട് പെരുകാവ് ശക്തിയിൽ ജി.എസ്.സുധീറിന്റെ (49) മൃതദേഹം ഇന്നലെ വൈകിട്ട് 4ഓടെ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ശാന്തികവാടത്തിൽ സംസ്കരിച്ചു.

അന്ത്യകർമ്മവേളയിൽ ഭാര്യ സ്മിതയും മക്കളായ അരുന്ധതിയും അളകനന്ദയും അലറിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ പോലും സങ്കടമടക്കാൻ പാടുപെട്ടു.
അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം നൂറുക്കണക്കിന് പേരാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്.കറുത്ത ബാഡ്‌ജ്‌ ധരിച്ചാണ് സഹപ്രവർത്തകർ പങ്കെടുത്തത്.
ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം 12ഓടെ ചാല തമിഴ് ഗവ.വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐയിൽ പൊതുദർശനത്തിന് എത്തിച്ചു.പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയത്.

സഹഅദ്ധ്യാപകരും സങ്കടമടക്കാൻ പാടുപെട്ടു.ഒരു മണിയോടെ പൊതുദർശനത്തിനുശേഷം മൃതദേഹം പെരുകാവിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി.അദ്ധ്യാപകരും വിദ്യാർത്ഥികളും മൃതദേഹത്തെ അനുഗമിച്ചു.വൈകിട്ട് 3ഓടെ വീട്ടിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ശാന്തികവാടത്തിൽ എത്തിച്ചു.സുധീറിന്റെ അനുജൻ സച്ചിനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.സി.പി.എം സ്ഥാനാർത്ഥിയും എം.എൽ.എയുമായ വി.ജോയി,ഐ.ബി.സതീഷ് എം.എൽ.എ,ആനാവൂർ നാഗപ്പൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് 3.30ഓടെ പനവിളയിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സുധീർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അതേദിശയിലെത്തിയ ടിപ്പർ ലോറിയുടെ മുൻവശം തട്ടിയാണ് അപകടമുണ്ടായത്. പട്ടത്തെ സഹോദരിയുടെ വീട്ടിൽ പോയി സ്‌കൂളിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.ലോറി ഡ്രൈവർ നെയ്യാറ്റിൻകര കടമ്പനകോണം പെരുമ്പുഴുതു റോഡരികത്ത് വീട്ടിൽ സതീഷ്‌കുമാറിനെ (48) കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്യുകയും ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്‌തിരുന്നു.