തിരുവനന്തപുരം: 2024- 25 അദ്ധ്യയന വർഷത്തെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്ത് കൂലി വിതരണം ഇന്നലെ തുടങ്ങി. കൂലിയായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ 7000ത്തോളം വരുന്ന നെയ്ത്ത് തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്. റംസാൻ- ഈസ്റ്റർ- വിഷു ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തുക ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമാകും. ബാക്കിയുള്ള തുകയും വരും ദിവസങ്ങളിൽ അനുവദിക്കും. ഈ അദ്ധ്യയന വർഷം 40 ലക്ഷത്തോളം മീറ്റർ സൗജന്യ കൈത്തറി യൂണിഫോം സംസ്ഥാനത്തെ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. വരുന്ന അദ്ധ്യയന വർഷത്തെ യൂണിഫോം വിതരണം മേയ് മാസത്തിൽ ആരംഭിക്കും.