v-joy

വർക്കല: ആറ്റിങ്ങൽ മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ നിന്നും ക്യാമ്പസുകളിലേക്കായിരുന്നു ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിയുടെ പര്യടനം. അരുവിക്കരയിലെ വിവിധ കോളേജുകളിൽ നടന്ന ജോയിഫുൾ ക്യാമ്പസ് കാമ്പെയിനുകളിൽ വിദ്യാർത്ഥികളോട് സംവദിക്കാൻ പഴയകാല വിദ്യാർത്ഥി - യുവജന നേതാവായിരുന്ന ജോയ് എത്തിയതോടെ കാമ്പസുകളിൽ ആവേശം അലതല്ലി. ഭരണകൂട നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതാണ് തൊഴിലില്ലായ്മ. ആ നയങ്ങൾക്കെതിരായി പാർലമെന്റിൽ പോരാടാൻ താനെന്നും പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന ഉറപ്പും വിദ്യാർത്ഥികൾക്ക് നൽകിയാണ് ജോയി മടങ്ങിയത്. വൈകിട്ട് കഴക്കൂട്ടം കിൻഫ്രാ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തീരമാകെ ജോയിയെന്ന കാമ്പെയിൻ പെരുമാതുറയിൽ സമാപിച്ചു. ആറ്റിങ്ങൽ, വർക്കല മേഖലകളിൽ കാമ്പെയിൻ ഇന്ന് തുടരും.

കഴിഞ്ഞദിവസം കിളിമാനൂരിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസി വഴി റഷ്യയിൽ എത്തി ഭാഷ അറിയാതെ ഒപ്പിട്ടു നൽകിയ കരാർ വഴി റഷ്യൻ ആർമിയുടെ കാമ്പിൽ പെട്ടുപോയ മലയാളികൾക്കായി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അടൂർ പ്രകാശ് കത്ത് നൽകി. യുവാക്കളായ ടിനു, പ്രിൻസ്, വിനീത് എന്നിവരുടെ വീടുകളിലെത്തി കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രിൻസ് സെബാസ്റ്റ്യനുമായി ഫോണിൽ സംസാരിക്കുകയും

നാട്ടിലെത്തിക്കുമെന്ന് അടൂർ പ്രകാശ് ഉറപ്പ് നൽകുകയും ചെയ്തു. പൂവത്തൂരിൽ നടന്ന ഇലക്ഷൻ കൺവെൻഷൻ വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 8.30ന് വെഞ്ഞാറമൂട് വേങ്കമല ക്ഷേത്രം സന്ദർശിക്കും. 11.30 ന് മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് ചിറയിൻകീഴ് കൺവെൻഷനിൽ പങ്കെടുക്കും.

ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടായിരുന്നു വി. മുരളീധരന്റെ പ്രചാരണം. റഷ്യയിൽ യുദ്ധഭൂമിയിൽ അകപ്പെട്ടവരുടെ വീടുകൾ മുരളീധരൻ സന്ദർശിച്ചു. യുവാക്കളെ ഉടൻ തിരിച്ചെത്തിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുള്ളതായും വ്യാജ റിക്രൂട്ടിംഗ് ഏജൻസിക്കെതിരായ സി.ബി.ഐ അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ കുടവൂർക്കോണത്തെ പ്രദേശവാസികൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും മുരളീധരൻ നേരിൽക്കണ്ട് വിലയിരുത്തി. പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും ആറ്റിങ്ങൽ, കടയ്ക്കാവൂർ പ്രദേശത്തെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ശിവഗിരി മഹാസമാധിയിലിലും അനുഗ്രഹം തേടി മുരളീധരനെത്തി. ഗുരുദേവ സമാധിയിൽ പ്രാർത്ഥന നടത്തിയ ശേഷം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, എന്നിവരുമായി ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്.