
തിരുവനന്തപുരം: വർഷാന്ത്യത്തിലെ തിരക്ക് നിയന്ത്രിക്കാൻ ട്രഷറിയിൽ സംവിധാനം ഏർപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടേതടക്കം പദ്ധതി ചെലവുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. അതിനുശേഷം സമർപ്പിക്കുന്ന ബില്ലുകൾ ക്യു സംവിധാനത്തിലേക്ക് മാറ്റി ടോക്കൺ നൽകും. അത് അടുത്തമാസം മുൻഗണനാക്രമത്തിലായിരിക്കും നൽകുക.ബഡ്ജറ്റ് വിഹിതവുമായി ബന്ധപ്പെട്ട ബില്ലുകളും ഇന്നു തന്നെ സമർപ്പിക്കണം. വിവിധ വകുപ്പുകളിലെ ബില്ലുകൾ,ചെക്കുകൾ എന്നിവ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. അതിന് ശേഷം നൽകുന്നവ സ്വീകരിക്കില്ല. ചെലാൻ റമിറ്റൻസുകൾ 30വരെ സ്വീകരിക്കും.23നു ശേഷം സമർപ്പിക്കുന്ന ട്രഷറി സേവിംഗ്സ് ബാങ്ക് അടക്കമുള്ള ചെക്കുകൾക്ക് ടോക്കണായിരിക്കും നൽകുക. വിവിധ വകുപ്പുകളിലെ പർച്ചേസ് ബില്ലുകളും അഡ്വാൻസുകൾക്കുള്ള നിർദ്ദേശങ്ങളും ഇനി സ്വീകരിക്കില്ല. ഒഴിവാക്കാനാവാത്ത ചെലവുകൾക്ക് ധനവകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. സാമ്പത്തിക പ്രതിസന്ധിമൂലം അത്യാവശ്യകാര്യങ്ങൾക്ക് പണം തികയാത്ത സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
4866കോടി വായ്പയെടുക്കും
സംസ്ഥാനസർക്കാർ 4866കോടിരൂപ വായ്പെടുക്കാൻ നടപടിയെടുത്തു.26ന് മുംബയിൽ ലേലം നടക്കും.വ്യാഴാഴ്ച പണം കിട്ടും.കേന്ദ്രസർക്കാർ അനുമതി നൽകിയ 13609കോടിരൂപയിൽ ഉൾപ്പെട്ടതാണിത്. വൈദ്യുതി രംഗത്തെ പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്തിന് അനുവദിച്ച അധിക വായ്പയാണിത്. ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാകുക. വൈദ്യുതിമേഖലയിൽ പരിഷ്കാരങ്ങൾ വരുത്തിയാൽ അധികമായി 0.5% കൂടിയെടുക്കാം.അങ്ങനെ ലഭിക്കുന്ന തുകയാണ് 4866കോടിരൂപ. ഇതിനുള്ള അനുമതി 18നാണ് കിട്ടിയത്.
നിധി ആപ് കേ നികട് 27ന്
തിരുവനന്തപുരം : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിധി ആപ് കേ നികട് എന്ന പേരിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. 27ന് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് പരിപാടി. തിരുവനന്തപുരത്തെ പരിപാടി തൈക്കാട് ഇ.എസ്.ഐ.കോർപറേഷൻ റീജിയണൽ ഓഫീസിലും പത്തനംതിട്ടയിലേത് അടൂർ ഓൾ സൈൻസ് പബ്ലിക്ക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലും നടക്കും.
പി.എഫ് കവറേജ് ഉയർന്ന പെൻഷൻ സംബന്ധിച്ച് തൊഴിലാളികൾ, പെൻഷനേഴ്സ്, തൊഴിലുടമകൾ എന്നിവർക്ക് സംശയനിവാരണം നടത്താം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിശദമായി പരാതി നേരിട്ടോ തപാലായോ ro.tvm@epfindia.gov.in എന്ന ഇ- മെയിൽ മുഖേനയോ യു.എ.എൻ, പി.എഫ് അക്കൗണ്ട് നമ്പർ, പി.പി.ഒ നമ്പർ, മൊബൈൽ നമ്പർ എന്നിവ അടക്കം തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ സമർപ്പിക്കണം. പരാതിയിൽ 'നിധി ആപ്കേ നികട് എന്ന് പ്രത്യേകം രേഖപ്പെടുത്തണം.