തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിനിരയായി റഷ്യ- യുക്രെയിൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മൂന്ന് മലയാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രം ശ്രമം തുടങ്ങി. തിരുവനന്തപുരം അഞ്ചുതെങ്ങ് കുരിശടി മുക്കിന് സമീപം കൊപ്ര കൂട്ടിൽ സെബാസ്റ്റ്യൻ - നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ - പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് തുമ്പയിലെ ട്രാവൽ ഏജൻസി വഴി ജനുവരി മൂന്നിന് ഷാർജ വഴി റഷ്യയിലെത്തിയത്. യുദ്ധഭൂമിയിൽവച്ച് തലയ്ക്ക് വെടിയേറ്റ പ്രിൻസ് ഗുരുതരാവസ്ഥയിലാണ്. മൈൻ സ്ഫോടനത്തിൽ ടാങ്ക് മറിഞ്ഞ് ഇയാളുടെ കാലും തകർന്നു. വിനീതും ടിനുവും യുദ്ധഭൂമിയിലാണ്. സ്വകാര്യ സുരക്ഷാസേനയായ വാഗ്നർ ഗ്രൂപ്പെന്ന റഷ്യൻ കൂലിപ്പട്ടാളത്തിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ആയുധപരിശീലനത്തിനു ശേഷം യുവാക്കളെ യുക്രൈയിൻ യുദ്ധമുഖത്ത് നിയോഗിച്ചു. റിക്രൂട്ട്മെന്റിൽ റഷ്യൻ സർക്കാരിന് നേരിട്ട് പങ്കില്ല. ഇന്ത്യയുടെ ആവശ്യപ്രകാരം യുദ്ധമുഖത്തുള്ള ഇന്ത്യക്കാരെ റഷ്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായും വിവരമുണ്ട്. യുവാക്കളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ഇവരെ റിക്രൂട്ട് ചെയ്ത മൂന്നു മലയാളികളടക്കം 19 പേർക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്സൺ എന്നിവരാണ് മലയാളികളായ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് കുറ്റങ്ങൾക്ക് ഐ.പി.സി 120(ബി), 420, 370 വകുപ്പുകൾ ചുമത്തി. തുമ്പയിലെയും തകരപ്പറമ്പിലെയും റിക്രൂട്ടിംഗ് ഏജൻസികളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇന്റർപോളുമായി ചേർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സി.ബി.ഐ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ പൗരന്മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കിടെ 180 യുവാക്കളെ കടത്തിയതായാണ് വിവരം. കേരളത്തിന് പുറമേ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, തെലങ്കാന, തമിഴ്നാട്, സംസ്ഥാനങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുണ്ട്.