photo

നെടുമങ്ങാട് : എം.പി ഫണ്ട് നൂറുശതമാനം വിനിയോഗത്തിൽ ആറ്റിങ്ങലിനെ ഒന്നാമതെത്തിച്ചെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മലയോര റെയിൽപ്പാതയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും വർക്കല,ചിറയിൻകീഴ് സ്റ്റേഷനുകളുടെ വികസനവും പുതിയ സ്റ്റോപ്പുകളും യാഥാർത്ഥ്യമാക്കിയെന്ന് ബി.ജെ.പി സ്ഥാനാർത്ഥി വി. മുരളീധരൻ. വർക്കല -ശിവഗിരി ടൂറിസം സർക്കിളിനും നെടുമങ്ങാട് വഴി റെയിൽപ്പാതയ്ക്കും ആറ്റിങ്ങൽ,വെഞ്ഞാറമൂട് മേൽപ്പാലത്തിനും അംഗീകാരം നൽകി മുന്നോട്ടുപോകുന്നത് പിണറായി സർക്കാരും എൽ.ഡി.എഫ് ജനപ്രതിനിധികളുമെന്ന് ഇടത് സ്ഥാനാർത്ഥി വി.ജോയി. വോട്ടർമാരുമൊത്തുള്ള കൂടിക്കാഴ്ചകളിലും മാദ്ധ്യമ സംവാദ വേദികളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ഉരുളയ്ക്കുപ്പേരി കണക്കെ,വികസനപ്പോര് കടുപ്പിക്കുകയാണ് മൂന്നു മുന്നണികളും സ്ഥാനാർത്ഥികളും. പ്രചാരണം ടോപ്പ് ഗിയറിലേക്ക് നീങ്ങവെ, സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയും എം.എൽ.എയും നേർക്കുനേർ ഏറ്റുമുട്ടുന്ന ആറ്റിങ്ങലിൽ പോര് മണ്ഡലം വികസനത്തിൽ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തം.വ്യാജ ഏജൻസി വഴി റഷ്യയിൽ എത്തി ഭാഷ അറിയാതെ ഒപ്പിട്ടു നൽകിയ കരാർ വഴി റഷ്യൻ ആർമിയുടെ ക്യാമ്പിൽ പെട്ടുപോയ അഞ്ചുതെങ്ങ് സ്വദേശികളായ ടിനു, പ്രിൻസ്, വിനീത് എന്നിവരുടെ വീടുകളിൽ വി.മുരളീധരനും അടൂർ പ്രകാശും ഇന്നലെ സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു.ഇന്ത്യൻ സ്ഥാനപതിയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും യുവാക്കളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഊർജിതമായി ഇടപെടുന്നുണ്ടെന്നും വി.മുരളീധരൻ അറിയിച്ചു. ഇത്തരത്തിൽ റഷ്യയിൽ എത്തിയ 20 പേരുടെ വിവരങ്ങൾ കേന്ദ്രത്തിന്റെ പക്കലുണ്ട്.വ്യാജ റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ നടപടിയെടുക്കും.സി.ബി.ഐ അന്വേഷണം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. എംബസിയുമായി താൻ നടത്തിയ ഇടപെടലിലൂടെ ക്യാമ്പിൽ കുടുങ്ങിപ്പോയ പ്രിൻസുമായി നേരിട്ട് ഫോണിൽ സംസാരിച്ചതായും മൂന്നുപേരും ഉടൻ മോചിതരാവുമെന്ന് റഷ്യൻ സ്ഥാനപതിയുടെ അറിയിപ്പ് ലഭിച്ചതായും അടൂർ പ്രകാശ് പറഞ്ഞു.മുരളീധരൻ കുടവൂർക്കോണത്ത് നേരിട്ടെത്തി ദേശീയപാത നിർമ്മാണത്തിലെ പരാതികൾ പരിഹരിക്കാൻ ഇടപെടൽ നടത്തി.അനുഗ്രഹം തേടി ഗുരുദേവസമാധിയിലും ഓടിയെത്തി.ഗുരുദേവ സമാധിയിൽ പ്രാർത്ഥന കഴിഞ്ഞ് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുമായി ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച.വൈകിട്ട് നെടുമങ്ങാട് നഗരത്തിൽ നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി പദയാത്ര.താളമേളങ്ങളും വെടിക്കെട്ടും. പതിനൊന്നാം കല്ലിൽ തുടങ്ങി കോയിക്കൽ ശിവക്ഷേത്ര മുറ്റത്ത് സമാപിച്ചു. ബി.ജെ.പി നേതാക്കളായ എസ്.സുരേഷ്, മുളയറ രതീഷ്, തോട്ടയ്ക്കാട് ശശി,പൂവത്തൂർ ജയൻ, ബി.എസ്.ബൈജു, ഹരിപ്രസാദ്, സുമയ്യ മനോജ് തുടങ്ങിയവർ പങ്കെടുത്തു. അരുവിക്കര,കുറ്റിച്ചൽ എന്നിവിടങ്ങളിലും പദയാത്രകൾ ശക്തി പ്രകടനത്തിന് വഴിമാറി.അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലെ ആദിവാസി ഊരുകളിലും ചിറയിൻകീഴിലെ തീരപ്രദേശങ്ങളിലും സന്ദർശനം പൂർത്തിയാക്കി ഇടത് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ ആര്യനാട്, വെള്ളനാട്, അരുവിക്കര, ഉഴമലയ്ക്കൽ ഭാഗങ്ങളിലെ കലാലയങ്ങൾ സന്ദർശിച്ചു.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം സെൽഫി എടുത്തും സൗഹൃദം പങ്കിട്ടും ഉച്ചവരെ മലയോരത്ത്.കൊടും ചൂടിൽ തന്റെ ചിത്രവും ചിഹ്നവും പതിപ്പിച്ച വിശറികൾ സമ്മാനിച്ചാണ് ജോയിയുടെ പ്രയാണം. 'ജോയ് ഫുൾ കാമ്പസ്" എന്ന വിദ്യാർത്ഥികളുടെ വിശറി ആകർഷകമാണ്‌.കഴക്കൂട്ടം കിൻഫ്ര പാർക്കിലെത്തിയ അദ്ദേഹം തൊഴിലാളികളുടെ പരാതികൾ ശ്രദ്ധാപൂർവം കേൾക്കുകയും അധികാരികളെ ധരിപ്പിക്കുകയും ചെയ്തു.അരുവിക്കരയിൽ ജി.സ്റ്റീഫൻ എം.എൽ.എയും കഴക്കൂട്ടത്ത് വി.ശശി എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.ഇന്ന് ഉച്ചവരെ ആറ്റിങ്ങൽ മണ്ഡലത്തിലും വൈകിട്ട് വർക്കലയിൽ തീരമാകെ ജോയി കാമ്പെയിനിലും പങ്കെടുക്കും.അടൂർ പ്രകാശിന്റെ വാമനപുരം,കുറ്റിച്ചൽ, ആര്യനാട്, പോത്തൻകോട് മണ്ഡലം കൺവെൻഷനുകൾ ഇന്നലെ നടന്നു.കെ.പി.സി.സി പ്രസിഡന്റ്‌ എം.എം ഹസ്സൻ, ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി, കരകുളം കൃഷ്ണപിള്ള,വർക്കല കഹാർ, ശരത്ചന്ദ്ര പ്രസാദ്, ആർ.എസ്.പി നേതാവ് അനിൽ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് രാവിലെ വേങ്കമല ക്ഷേത്രത്തിലും മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളേജിലും സന്ദർശനം നടത്തും. വൈകിട്ട് ചിറയിൻകീഴ് മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും.