വിതുര:വിതുരയിലെ പ്രശസ്തമായ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ ആദിവാസി യുവാക്കളെയും, വീട്ടമ്മയേയും, വിദ്യാർത്ഥിയേയും മർദ്ദിച്ചവശരാക്കിയതായി പരാതി.പേപ്പാറ പട്ടൻകുളിച്ചാറ ആദിവാസിമേഖലയിൽനിന്നുള്ളവർക്കാണ് മർദ്ദനമേറ്റത്.ജിത്തു (17) ഷിനു (22),കിരൺ (19) വിഷ്ണു(28), അബിൻപ്രസാദ് (21), ഷിബിൻരാജ്(20),സ്വപ്ന (45) എന്നിവർക്കാണ് പരിക്കേറ്റത്.മർദ്ദനത്തിൽ അബിൻരാജിന്റെ 6 പല്ലുകൾ നഷ്ടപ്പെട്ടു.ഷിബിൻരാജിന്റെ കണ്ണിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്സവം കഴിഞ്ഞ് മടങ്ങവേ വിതുര, കല്ലാർ സ്വദേശികളായ സംഘം വെട്ടുകത്തിയും, വടിവാളും കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് മർദ്ദനമേറ്റവർ പറയുന്നത്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ആദിവാസിമഹാസഭ സംസ്ഥാനപ്രസിഡന്റ് മോഹനൻത്രിവേണിയും മർദ്ദിച്ചവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് പൊൻപാറ കെ.രഘുവും, ജനറൽസെക്രട്ടറി മേത്തോട്ടം പി.ഭാർഗവനും ആവശ്യപ്പെട്ടു.