പൂവാർ: എല്ലാ കാലത്തും പ്രദേശവാസികളുടെ ആശ്രയമായിരുന്ന അരുമാനൂർ താമരക്കുളം നവീകരണം ഇല്ലാതായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. കുളത്തിന്റെ കടവുകൾ തകർന്നതോടെ വൃദ്ധരും കുട്ടികളും സ്ത്രീകളും ഇവിടെ തെന്നി വീഴുന്നതും പതിവാണ്.
കുളത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ നിന്നു ഇലകളും മറ്റും വീണ് വെള്ളം മലിനമാകുന്നുവെന്നും പരാതിയുണ്ട്. കുളത്തിനകത്തെ ചെളി മാറ്റിയിട്ട് വർഷങ്ങളായി. കുളം നവീകരിക്കേണ്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. താമരക്കുളം നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഭീഷണിയായി ഇലക്ട്രിക് ലൈൻ
കുളത്തിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ കമ്പികൾ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ഏതെങ്കിലും തരത്തിൽ കമ്പികൾ പൊട്ടിവീണാൽ കുളത്തിൽത്തന്നെ പതിക്കും. ഇത് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കുളത്തിന് മുകളിൽ അപകടാവസ്ഥയിലുള്ള കമ്പികൾ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ഇലക്ട്രിസിറ്റി ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈൻ കമ്പികൾക്ക് താങ്ങായി നെറ്റ് കവറ്റിംഗ് ഉണ്ടായിരുന്നത് ഇപ്പോൾ അഴിച്ച് മാറ്റിയിരിക്കുകയാണ്. കൂടുതൽ ബലമുള്ള നെറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞതല്ലാതെ മറ്റ് നടപടികൾ കണ്ടിട്ടില്ല.
കിണറുകളും വറ്റി
കടുത്ത വേനലിലും വറ്റാത്തതാണ് 2 ഏക്കർ വരുന്ന ഈ താമരക്കുളം. സാധാരണ വേനൽക്കാലത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തും. പ്രദേശത്തെ കർഷകർ കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ആശ്രയിക്കുന്നതും താമരക്കുളത്തെയാണ്. കൈപ്പുരി ഏലായിലെ നെൽകൃഷിക്ക് വെള്ളം കിട്ടിയിരുന്നത് പ്രധാനമായും ഇവിടെനിന്നാണ്. സമീപത്തെ കിണറുകൾ വറ്റാത്തതിന് കാരണവും ഈ കുളംതന്നെ. എന്നാലിപ്പോൾ വേനൽ കടുത്തതോടെ കുളത്തിൽ ജല സ്രോതസ് കുറഞ്ഞു. കർഷകർ കൃഷി ഉപേക്ഷിച്ചു. കിണറുകൾ വറ്റിവരണ്ടു. പല കിണറുകളും മൂടി.
ചരിത്രത്തിലും ഇടം
ഒരിക്കൽ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ നിന്നും പ്രാണരക്ഷാർത്ഥം പൂവാറിലെ കല്ലറയ്ക്കൽ വീട്ടിൽ എത്തുന്നതിനിടയിൽ അരുമാനൂരിലെ താമരക്കുളത്തിൽ നീരാടിയതായും സമീപത്തെ തമ്പുരാൻ വിളയിൽ വിശ്രമിച്ചിരുന്നതായും പഴമക്കാർ പറയുന്നു. അക്കാലത്ത് കുളം താമരപ്പൂ കൊണ്ട് നിറഞ്ഞിരുന്നു. ആയതിനാലാണ് താമരക്കുളം എന്ന പേര് ലഭിച്ചത്. കൂടാതെ പ്രദേശത്ത് അധിവസിച്ചിരുന്ന ബ്രാഹ്മണർ ദേശം വിട്ട് പോയപ്പോൾ ഉപേക്ഷിച്ച ആരാധനാ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ കുളത്തിൽ ഉപേക്ഷിച്ചതായും പറയപ്പെടുന്നു. ഇതിന്റെ സ്മരണാർത്ഥവും പരിഹാരവുമായാണ് കുളത്തിന് സമീപം വിഷ്ണുക്ഷേത്രം നിർമ്മിച്ച് നാട്ടുകാർ ആരാധിച്ചുവരുന്നത്.
നിലവിലെ അവസ്ഥ
1.കുളത്തിന്റെ 4 കുളിക്കടവുകളും തകർന്നു
2.കന്നുകാലികളെ കുളിപ്പിക്കുന്നതിന് നിർമ്മിച്ച കടവുകളും പൊട്ടിപ്പൊളിഞ്ഞു.
3.കുളത്തിന്റെ ചുറ്റും നിർമ്മിച്ചിട്ടുള്ള കരിങ്കൽക്കെട്ട് ഇടിഞ്ഞു തകർന്നു.
പ്രതികരണം
പ്രദേശത്തെ പ്രധാന ജലസംഭരണിയായ താമരക്കുളം നവീകരിച്ച് സംരക്ഷിക്കാൻ ആവശ്യമായ നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കണം.
പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, അരുമാനൂർ സജീവ്