s

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര‌മായ അഭിപ്രായപ്രകടനം അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ളതെല്ലാം ഭരണകൂടം തീരുമാനിക്കും; അതിന്മേൽ ജനങ്ങൾ ഒന്നും മിണ്ടണ്ട എന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെയും മറ്റും രീതിയാണ്. അത് ഇന്ത്യയ്ക്ക് ഒരുകാലത്തും സ്വീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഇന്ത്യയിലെ ജനാധിപത്യത്തെ അർത്ഥവത്തായ ജനാധിപത്യമായി ലോകത്തെ രാഷ്ട്രീയ ചിന്തകർ വിലയിരുത്തുന്നത് ഇവിടെ ഭരണകൂടത്തെപ്പോലും നിശിതമായി വിമർശിക്കാൻ പൗരന്മാർക്ക് സ്വാതന്ത്ര്യ‌മുണ്ട് എന്നതിനാലാണ്. അതുപോലെ തന്നെ സ്വതന്ത്ര‌മായ ജുഡിഷ്യറി സംവിധാനവും ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു ഘടകമാണ്.

ഫോർത്ത് എസ്‌റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാർത്താ മാദ്ധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുമ്പു മറയ്ക്കുള്ളിൽ നടക്കുന്ന,​ ജനങ്ങളിൽ നിന്ന് എല്ലാം മറച്ചുവയ്ക്കപ്പെടുന്ന ഒരു സംവിധാനം മാത്രമായി ജനാധിപത്യം മാറുമായിരുന്നു. ഭരണപക്ഷത്തെ പ്രശംസിക്കുന്നവരും വിമർശിക്കുന്നവരും മാദ്ധ്യമങ്ങളിൽ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ‌ാനന്തരം മാദ്ധ്യമങ്ങളുടെ മേൽ ഏറ്റവും കുപ്രസിദ്ധമായ സെൻസർഷിപ്പ് സമ്പ്രദായം അടിച്ചേല്പിച്ചത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. സർക്കാരിനെ അഭിനന്ദിക്കുന്നവരും പ്രശംസിക്കുന്നവരും മാത്രം ഇവിടെ നിലനിന്നാൽ മതി എന്ന ഒരു വിചാരം എല്ലാ സെൻസർഷിപ്പുകൾക്കും അടിയിൽ അന്തർലീനമായിക്കിടപ്പുണ്ട്. കേന്ദ്ര സർക്കാരിനെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ വസ്‌തുത പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം കൈയോടെ സുപ്രീംകോടതി സ്റ്റേ ചെയ്തത് മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യ‌ത്തിന് കൂച്ചുവിലങ്ങിടുന്നത് ശരിയല്ല എന്ന ബോദ്ധ്യം കൊണ്ടാവണം.

അഭിപ്രായ സ്വാതന്ത്ര്യ‌ത്തെ ഇതെങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിജ്ഞാപനം സ്റ്റേ ചെയ്തത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നീക്കം നടത്തുന്നത് എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ വേണ്ടിയാണെന്ന ആക്ഷേപം നേരത്തേതന്നെ ഉയർന്നിരുന്നതാണ്. ബോംബെ ഹൈക്കോടതിയിൽ നടക്കുന്ന ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതു വരെയാണ് ഉന്നത കോടതി കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്. വിജ്ഞാപനം നിലനിന്നിരുന്നെങ്കിൽ പി.ഐ.ബി വ്യാജമെന്ന് മുദ്ര‌കുത്തിയാൽ വാർത്തകൾ മാത്രമല്ല,​ ഏതുതരം ഉള്ളടക്കവും ഇന്റർനെറ്റ് പ്ളാറ്റ്‌ഫോമുകൾ നീക്കം ചെയ്യേണ്ടിവരുമായിരുന്നു.

വ്യക്തികൾ എഴുതുന്ന പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും ഇതിന്റെ പരിധിയിൽ വരുന്നുണ്ട്. വ്യാജ വാർത്തകളും സമൂഹത്തിൽ ഭിന്നിപ്പു സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യത്തോടെ നിന്ദ്യമായ കാര്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് തടയപ്പെടേണ്ടതാണ്. വിവിധ രംഗങ്ങളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന ഒരു നിഷ്‌പക്ഷ സമിതി വേണം ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ. തികച്ചും രാഷ്ട്രീയേതരമായിരിക്കണം ഈ സമിതി. അതല്ലാതെ സർക്കാരിന്റെ തന്നെ ഭാഗമായി പ്രവർത്തിക്കുന്ന പി.ഐ.ബി നിഷ്‌പക്ഷ വസ്‌‌തുതാ പരിശോധന നടത്തുമെന്ന് കരുതാനാവില്ല. സർക്കാരിന്റെ ഇംഗിത പൂർത്തീകരണമാവും അവർ നടത്തുക. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സെൻസർഷിപ്പായി കാലക്രമത്തിൽ മാറില്ലെന്നും പറയാനാകില്ല. അതിനാൽ 2021-ലെ ഐ.ടി ഇന്റർമീഡിയറി ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുകയാണ് വേണ്ടത്.