
തിരുവനന്തപുരം: 137 വർഷം പഴക്കമുള്ള വള്ളക്കടവിലെ പാലത്തിന് പകരമുള്ള പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടി രണ്ട് മാസത്തിനുള്ളിൽ തുടങ്ങും. പാലത്തിന് ഈമാസം അവസാനത്തോടെ പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ സാങ്കേതികാനുമതി ലഭിക്കും. നിർമ്മാണ പ്രവൃത്തികൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ 60 ശതമാനവും പൂർത്തിയായി. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് പുതിയ പാലം പണിയാൻ തീരുമാനമായത്. എന്നാൽ പല കാരണങ്ങളാൽ പദ്ധതി വൈകി. നഗരത്തെ തീരപ്രദേശവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വളളക്കടവ് പാലം. പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. സർക്കാർ തുടർനടപടി സ്വീകരിച്ചെങ്കിലും ഭൂമിയേറ്റെടുക്കലിലെ പ്രതിഷേധങ്ങൾ പാലംപണി അനിശ്ചിതമായി നീളാനിടയാക്കി.
39.80 കോടി
39.80കോടി ചെലവിട്ടാണ് പുതിയ പാലം പണിയുന്നത്.15 കോടി ധനവകുപ്പ് നേരത്തെ തന്നെ പൊതുമരാമത്ത് (റോഡ്സ്) വിഭാഗത്തിന് അനുവദിച്ചിരുന്നു.സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ ധനവകുപ്പ് ശേഷിക്കുന്ന തുക അനുവദിക്കും.പദ്ധതി തുടങ്ങിയതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകില്ല. അതേസമയം,തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ ടെൻഡറിലേക്ക് കടക്കാനാവൂ.
ഒരു നൂറ്രാണ്ടിലേറെ പഴക്കം
1887ലാണ് ശംഖുംമുഖം,ബീമാപള്ളി,വലിയതുറ പ്രദേശങ്ങളെ ബന്ധിപ്പിക്കാനായി പാർവതി പുത്തനാറിന് കുറുകെ സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ഏഴ് പാലങ്ങളിലൊന്നായ വള്ളക്കടവ് പാലം നിർമ്മിച്ചത്.സ്റ്റീൽ ഗർഡറുകൾ ദ്രവിച്ച് തകർന്ന നിലയിലാണ്.സ്ളാബുകളും ദ്രവിച്ചു.നിരവധി സ്‌കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ ഈ പാലം വഴിയാണ് കടന്നുപോകുന്നത്. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ വെയർഹൗസിലേക്കുള്ള ചരക്ക് വാഹനങ്ങളെത്തുന്നതും ഇതുവഴിയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിലൂടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി,അല്പശി ഉത്സവ ഘോഷയാത്രകൾ കടന്നുപോകുന്നതും.500 മീറ്റർ നീളത്തിലുള്ള പുതിയ പാലം പണിയുന്നതുവരെ 79 ലക്ഷം ചെലവിട്ട് താത്കാലികമായി നിർമ്മിച്ച മറ്റൊരു പാലത്തിലൂടെയാണ് ഗതാഗതം സാദ്ധ്യമാക്കുന്നത്.