
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം സംഗീതാത്മകമാക്കാനൊരുങ്ങി മുന്നണികൾ. സ്ഥാനാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അണിയറയിൽ തയ്യാറാവുകയാണ്. പ്രധാന ഗാനരചയിതാക്കളെല്ലാം തിരഞ്ഞെടുപ്പ് ഗാനരചനയുടെ തിരക്കിലാണ്.
തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ ഗാനങ്ങളുടെ സി.ഡി ഇന്ന് പുറത്തിറങ്ങും. അഞ്ചു ഗാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രൻ, പിരപ്പൻകോട് മുരളി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് ഗാനങ്ങൾ എഴുതിയത്. ഉദയകുമാർ അഞ്ചലും കേരളപുരം ശ്രീകുമാറുമാണ് സംഗീതസംവിധാനം നിർവഹിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് വേണ്ടിയും ഗാനങ്ങൾ ഒരുങ്ങുന്നുണ്ട്.
ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിക്കായി കവി മുരുകൻ കാട്ടാക്കട എഴുതി, ആലപിച്ച ഗാനമാണുള്ളത്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും നിയമസഭാംഗം എന്ന നിലയ്ക്ക് വി.ജോയി വർക്കല മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും കൂട്ടിച്ചേർത്തുള്ള വിനോദ് വൈശാഖി എഴുതിയ മറ്റൊരു ഗാനവുമുണ്ട്. കവികളെ ഉൾപ്പെടുത്തിയുള്ള സാംസ്കാരിക യാത്രയും സംഘടിപ്പിക്കുന്നുണ്ട്.
ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനുവേണ്ടി ഒരു ഗാനം രചിച്ചു. മൂന്ന് ഗാനങ്ങൾ കവി രാജീവ് ആലുങ്കൽ രചിച്ച് സംഗീതസംവിധാനം നിർവഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരീഫിനുവേണ്ടിയും രാജീവ് ആലുങ്കൽ മൂന്ന് ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്രഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയും തിരഞ്ഞെടുപ്പ് ഗാനരചനാരംഗത്തുണ്ട്. എ.എം.ആരീഫിനുവേണ്ടി രണ്ടുഗാനങ്ങളും മാവേലിക്കര ലോക്‌സഭ മണ്ഡലം ഇടതുസ്ഥാനാർത്ഥി അരുൺകുമാറിനുവേണ്ടി ഒരു ഗാനവും അദ്ദേഹം രചിച്ചു.