തിരുവനന്തപുരം: ഭക്തി തൂവിയിറങ്ങിയ മനസുമായി കരിയ്ക്കകത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ.ഉത്സവത്തിന്റെ അവസാനദിനമായ ഇന്നലെ നടന്ന പൊങ്കാലയിൽ ക്ഷേത്രവളപ്പും കടന്നൊഴുകിയ ഭക്തജനപ്രഹാഹം കരിക്കകം,​കൊച്ചുവേളി,​വെൺപാലവട്ടം,ചാക്ക എന്നിവിടങ്ങളിലേക്ക് കടന്നു.രാവിലെ പത്തേകാലിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ഭണ്ഡാര അടുപ്പിൽ അഗ്നിപകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു.തുടർന്ന് 60 കലാകാരന്മാർ അണിനിരച്ച പഞ്ചവാദ്യമേളവും ഭക്തരുടെ ദേവീസ്തുതികളും വായ്ക്കുരവയും ആചാരവെടികളും അന്തരീക്ഷത്തിൽ അലയടിച്ചു. തിളയ്ക്കുന്ന വെയിലിനെ വകവയ്ക്കാതെ മനസ് ശ്രീകോവിലിൽ അർപ്പിച്ചവരെക്കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ വീട്ടുമുറ്റങ്ങളിലും സ്ഥാപനങ്ങളുടെ പരിസരത്തും ഭക്തർ പൊങ്കാലയർപ്പിച്ചു. 2.15 നായിരുന്നു നിവേദ്യം.തന്ത്രിയും പൂജാരിമാരും തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ പള്ളിവാൾ എഴുന്നള്ളിച്ച് തർപ്പണം നടത്തി. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ച ശാന്തിക്കാർ മറ്റ് കളങ്ങളിൽ നിവേദ്യം തളിച്ചു.

രാത്രി അത്താഴപൂജയ്ക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിലേക്ക് എഴുന്നള്ളിച്ചു.തുടർന്ന് ഗുരുസിയോടെ കരിയ്ക്കകം ഉത്സവം സമാപിച്ചു. മറ്റ് ജില്ലകളിൽ നിന്നും ധാരാളം ഭക്തർ കരിക്കകത്തമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തുന്നുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം. ഭാർഗവൻ നായർ അറിയിച്ചു.തലേദിവസം എത്തുന്ന ഇവർ ബന്ധുവീടുകളിലോ സുഹൃത്തുകളുടെ വീടുകളിലോ ആണ് കഴിയുന്നത്.ക്ഷേത്രവളപ്പിൽ പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവരെല്ലാം രണ്ടോ മൂന്നോ ദിവസം മുൻപേ അടുപ്പുകൂട്ടി കാത്തിരിക്കുന്നുമുണ്ട്.

ഭക്തിനിറയുന്ന കരിയ്ക്കകം സങ്കല്പം

ദേവിയെ ഗുരുവും മന്ത്രമൂർത്തിയും ചേർന്ന് കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാടുമുറ്റത്ത് പച്ചപ്പന്തൽ കെട്ടി പ്രതിഷ്ഠ നടത്തിയ നേരത്ത് ഭക്തർ മൺകലങ്ങളിൽ പൊങ്കാല നിവേദിച്ചെന്നാണ് വിശ്വാസം.പിന്നീട് ക്ഷേത്രം പണികഴിപ്പിച്ചപ്പോൾ ഇതിനെ 'വച്ചുനിവേദ്യം' എന്ന പേരിൽ ആചരിച്ചു. ദേവപ്രശ്നത്തെ തുടർന്നാണ് ദേവീപ്രീതിക്കായി ഭക്തർ പൊങ്കാല അർപ്പിച്ചു തുടങ്ങിയത്.