
രാംചരൺ നായകനായി ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആന്റണി വർഗീസ് തെലുങ്കിൽ. ആർ സി 16 എന്നു താത്ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിൽ ആന്റണി വർഗീസ് ഉടൻ ജോയിൻ ചെയ്യും. ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ബോളിവുഡ് താരം ബോബി ഡിയോൾ , കന്നട താരം ശിവരാജ് കുമാർ എന്നിവരുമാണ് മറ്റു താരങ്ങൾ എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ പെപ്പെ എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസ് കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ്.
പോയവർഷം ബോക്സ് ഓഫീസിൽ പണം വാരിയ ആർ.ഡി.എക്സിൽ മൂന്നു നായകന്മാരിൽ ഒരാളായിരുന്നു . ആർ.ഡി.എക്സിനുശേഷം സോഫിയ പോൾ നിർമ്മിക്കുന്ന നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലും പെപ്പെ ആണ് ഗായകൻ.
കടൽ പശ്ചാത്തലത്തിൽ റിവഞ്ച് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത് . രാജ് ബി ,ഷെട്ടി, ഷബീർ കല്ലറക്കൽ എന്നിവരാണ് പ്രതിനായകന്മാർ.സാം സി.എസ് സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം ചാവേർ ആണ് ആന്റണി വർഗീസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം . കഥകളി കലാകാരനായ കിരൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.