
തിരുവനന്തപുരം: വിമാനങ്ങൾക്ക് സമാനമായി, ബഹിരാകാശത്തേക്ക് പോയശേഷം തിരികെ റൺവേയിൽ സുരക്ഷിതമായി ഇറക്കാനാകുന്ന പുനരുപയോഗ റോക്കറ്റ് 'പുഷ്പക്' (ആർ.എൽ.വി എൽ.എക്സ് 2) മൂന്നാംവട്ടവും വിജയകരമായി പരീക്ഷിച്ച് ഐ.എസ്.ആർ.ഒ. അമേരിക്കയുടെ സ്പെയ്സ് ഷട്ടിൽ മാതൃകയിൽ ഇന്ത്യ വികസിപ്പിച്ചതാണിത്. 2016ലായിരുന്നു ആദ്യപരീക്ഷണം. 2023 ഏപ്രിലിൽ രണ്ടാമത്തേതും.
ഇന്നലെ രാവിലെ ഏഴിന് കർണാടക ചിത്രദുർഗയ്ക്ക് സമീപം ചലക്കരയിലെ ഡി.ആർ.ഡി.ഒയുടെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറുപയോഗിച്ച് പുഷ്പക്കിനെ ഉയർത്തി ഭൂമിയിൽ നിന്ന് 4.5 കിലോമീറ്റർ മുകളിലെത്തിച്ച് സ്വതന്ത്രമാക്കി. താഴോട്ട് പതിച്ച പുഷ്പക് 4 കിലോമീറ്റർ മുകളിൽവച്ച് സ്വയം പറക്കാൻ തുടങ്ങി. പിന്നീട് ദിശ സ്വയംനിർണയിച്ച് ഇറങ്ങേണ്ട സ്ഥലം കണ്ടെത്തി ബ്രേക്ക് പാരച്യൂട്ടൂം, ലാന്റിംഗ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്റ്റിയറിംഗും ഉപയോഗിച്ച് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്തു.
കഴിഞ്ഞതവണ നേരെ റൺവേയുടെ ദിശയിലേക്കാണ് ഇറക്കിയത്. ഇത്തവണ അല്പം വശത്തേക്ക് മാറിയായിരുന്നു പരീക്ഷണം. ദിശമാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പു വരുത്താനാണിത്. ഗതിനിർണയ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്റിംഗ് ഗിയർ ഉൾപ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയും വിലയിരുത്തി. ബഹിരാകാശത്ത് പോയി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റീഎൻട്രി ചെയ്യുന്ന പരീക്ഷണമാണ് അവശേഷിക്കുന്നത്. അതുകഴിഞ്ഞാൽ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കാം.
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ, സ്പെയ്സ് സ്റ്റേഷൻ പദ്ധതികൾക്ക് അനിവാര്യമാണ് പുഷ്പക് റോക്കറ്റ്. വി.എസ്.എസ്.സിയും ഐ.ഐ.എസ്.യുവും ചേർന്നാണ് നിർമ്മിച്ചത്. ലങ്കാ യുദ്ധവിജയത്തിന് ശേഷം ശ്രീരാമനും സീതയും തിരിച്ചെത്താൻ ഉപയോഗിച്ച പുഷ്പക വിമാനത്തിന്റെ പേരാണ് 2004ൽ രൂപകല്പന ചെയ്ത ഇതിന് നൽകിയിരിക്കുന്നത്.
വീണ്ടും ഉപയോഗിക്കാം
1.പി.എസ്.എൽ.വി, ജി.എസ്.എൽ.വി തുടങ്ങിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റുകൾ ഒരുതവണ മാത്രമേ ഉപയോഗിക്കാനാകൂ
2.വീണ്ടും ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് പുനരുപയോഗ റോക്കറ്റ്
3.അമേരിക്ക,റഷ്യ, ഫ്രാൻസ്, ചൈന,ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ ഇത്തരം റോക്കറ്റുള്ളത്
ചെലവ്
100 കോടി
ഭാരം
1.75ടൺ
വലിപ്പം
6.5മീറ്റർ
വിക്ഷേപണച്ചെലവ് കുറയും
ഉപഗ്രഹ വിക്ഷേപണച്ചെലവ് പത്തിലൊന്നായി കുറയും
ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാം
ശത്രുഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇല്ലാതാക്കാം
''ഭാവിയിൽ ബഹിരാകാശ സഞ്ചാരികളെ ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള അത്യാധുനിക സങ്കേതികവിദ്യയും ഇതിനുണ്ട്.
-എസ്.സോമനാഥ്,
ചെയർമാൻ,ഐ.എസ്.ആർ.ഒ