
തിരുവനന്തപുരം: വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് സർക്കാർ 200 കോടി രൂപ അനുവദിച്ചു. 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് കഴിഞ്ഞ 12ന് സർക്കാരിനോട് സപ്ളൈകോ ആവശ്യപ്പെട്ടിരുന്നു. കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സാധനങ്ങൾ നൽകാത്ത സ്ഥിതിയുണ്ട്. സപ്ലൈകോയുടെ 1500 വില്പനശാലകളിലായി സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും പരിമിതമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ പണം ആവശ്യപ്പെട്ടതും 200 കോടി അനുവദിച്ചതും.
വിതരണക്കാർക്കുള്ള കുടിശ്ശിക 800 കോടിയാണ്. അതിൽ പകുതിയെങ്കിലും ഉടൻ വേണമെന്നാണ് അവരുടെ നിലപാട്. ഇപ്പോൾ കിട്ടിയതിൽ ഭൂരിഭാഗവും കുടിശിക നൽകാൻ ഉപയോഗിക്കും. എങ്കിലേ സബ്സിഡി സാധനങ്ങളുടെ വിതരണം നടക്കൂ.
കേന്ദ്ര സർക്കാരിന്റെ 'ഭാരത് അരി'യെ വെല്ലാൻ 'ശബരി കെ റൈസ്' വിപണിയിൽ ഇറക്കിയെങ്കിലും ആവശ്യത്തിനു സ്റ്റോക്കില്ല. സപ്ലൈകോയുടെ സ്വന്തം ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇതിനായി അരി എത്തിച്ചിരുന്നത്.
13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങാൻ 2021-22, 2022-23, 2023-24 വർഷങ്ങളിൽ സപ്ലൈകോ ചെലവിട്ടത് 2789.18 കോടിയാണ്. ഇവയുടെ വില്പനയിലൂടെ ലഭിച്ചത് 1694.63 കോടി. നഷ്ടം 1094.55 കോടി. 215 കോടി മാത്രമായിരുന്നു സർക്കാർ ഗ്രാന്റ്.
24ന് കൊല്ലം-എറണാകുളം പാസഞ്ചർ റദ്ദാക്കി
തിരുവനന്തപുരം:ഓച്ചിറയിൽ റെയിൽവേ ട്രാക്കിൽ ഇലക്ട്രോണിക്സ് ഇന്റർലോക്കിംഗ് ജോലി നടക്കുന്നതിനാൽ 24ന് കൊല്ലം-എറണാകുളം,എറണാകുളം-കൊല്ലം പാസഞ്ചർ എക്സ്പ്രസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൂടാതെ കന്യാകുമാരി -പൂനെ എക്സ്പ്രസ് 35മിനിറ്റും കൊച്ചുവേളി -പോർബന്തർ എക്സ്പ്രസ് 45മിനിറ്റും വൈകും.