
ചെന്നൈ: സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഡി.എം.കെ നേതാവ് കെ. പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഴിമതിക്കേസിലെ മൂന്നുവർഷം തടവുശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പൊന്മുടിയുടെ മന്ത്രിസഭാ പുനഃപ്രവേശം നിരസിച്ച ഗവർണർ ഡോ. ആർ.എൻ.രവിയുടെ നടപടിയെ അതിരൂക്ഷമായാണ് വ്യാഴാഴ്ച സുപ്രീംകോടതി വിമർശിച്ചത്. നടപടിയെടുക്കാൻ 24 മണിക്കൂർ അന്ത്യശാസനവും നൽകിയിരുന്നു. ഇതോടെ, പൊന്മുടിയെ ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഈവിവരം ഇന്നലെ ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയെ അവഗണിച്ചതല്ലെന്നും ഗവർണർ വ്യക്തമാക്കി.
ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് പൊന്മുടിക്ക് അനുവദിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടൊയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ഒരേ കാറിലാണ് പൊൻമുടി എത്തിയത്. മന്ത്രി ഉദയനിധി സ്റ്റാലിനും ചടങ്ങിൽ പങ്കെടുത്തു.
സ്വത്ത് തട്ടിയ കേസിൽ പൊൻമുടിക്കും ഭാര്യ വിശാലാക്ഷിക്കും 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. പൊന്മുടിക്ക് മന്ത്രി സ്ഥാനവും നഷ്ടമായി. ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതേത്തുടർന്നാണ് പൊൻമുടിക്ക് എം.എൽ.എ സ്ഥാനം നൽകിയത്. പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ ഗവർണർ രവിക്ക് കത്തയച്ചിരുന്നു. എന്നാൽ സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർ തയ്യാറായില്ല. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.