o-paneer-selvam

ചെന്നൈ: എൻ.ഡി.എയുമായി ധാരണയായെങ്കിലും അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്തായ ഒ.പി.എസ് വിഭാഗത്തിന് അവർ ആവശ്യപ്പെട്ട സീറ്റുകളൊന്നും ഇതുവരെ ബി.ജെ.പി നൽകിയില്ല. ആദ്യം പതിനഞ്ചു സീറ്റുകളാണ് ഒ.പി.എസ് ആവശ്യപ്പെട്ടത്. അത് ലഭിക്കാതെയായപ്പോൾ 10 ആവശ്യപ്പെട്ടു. അതും നൽകിയില്ല.

10 സീറ്റുകൾ പി.എം.കെയ്ക്കും രണ്ട് സീറ്റുകൾ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിനും മറ്റ് ചെറു പാർട്ടികൾക്ക് ഓരോ സീറ്റുവീതവും നൽകി. വ്യാഴാഴ്ചയും ഇന്നലേയുമായി 23 സീറ്റുകളിലേക്ക് ബി.ജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ത്രിശങ്കുവിലായ ഒ.പനീർശെൽവം ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. മകന് ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കണമെന്ന ആവശ്യത്തിലേക്ക് മുൻ മുഖ്യമന്ത്രിക്ക് താഴേണ്ടി വന്നു. അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശേഷം ഒ.പി.എസ് പുതിയ പാർട്ടി രൂപീകരിച്ചില്ല.

ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസിന്റെ ആവശ്യങ്ങൾ ബി.ജെ.പി നേതൃത്വം നിരസിച്ചിരുന്നത്. താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന ബി.ജെ.പി നിർദ്ദേശം ഒ.പി.എസ് അംഗീകരിച്ചിരുന്നില്ല.

അതിനിടെ, രാമനാഥപുരത്ത് എൻ.ഡി.എ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഒ.പനീർശെൽവം മാദ്ധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകൾ നേർന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ബി.ജെ.പി ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇന്നലെ14 സ്ഥാനാർത്ഥികളുടെ പേര് വിവരം കൂടി ബി.ജെ.പി പുറത്തുവിട്ടിരുന്നു. രാമനാഥപുപുരവും ഒ.പി.എസിന്റെ മകൻ പി.രവീന്ദ്രനാഥിന്റെ സീറ്രായ തേനിയും ഉൾപ്പെടുത്തിയിട്ടില്ല..

വിരുതുനഗറിൽ

രാധിക ശരത് കുമാർ

ബി.ജെ.പി ഇന്നലെ പുറത്തിറക്കിയ 14 പേരുടെ പട്ടികയിൽ നടൻ ശരത്‌കുമാറിന്റെ ഭാര്യയും നടിയുമായ രാധികാ ശരത്‌കുമാർ ഇടം പിടിച്ചു. ഈയിടെയാണ് ശരത്‌കുമാറിന്റെ സമത്വമക്കൾ കക്ഷി ബി.ജെ.പിയിൽ ലയിച്ചത്. രാധിക വിരുതുനഗറിൽ മത്സരിക്കും. ഇവിടെ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകറാണ് ‌ഡി.എം.ഡി.കെ സ്ഥാനാർത്ഥി. അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഡി.എം.ഡി.കെ.

വെല്ലൂർ മുൻ മേയർ പി.കാർത്യായനി സംവരണ മണ്ഡലമായ ചിദംബരത്ത് മത്സരിക്കും. അണ്ണാ ഡി.എം.കെ വിട്ട് ബി.ജെ.പിയിലെത്തിയ അവർ നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയാണ്. അണ്ണാ ഡി.എം.കെയിൽ നിന്നെത്തിയ മുൻ എം.എൽ.എ വി.വി.സെന്തിൽനാഥൻ കരൂരിലും മത്സരിക്കും.

പുതുച്ചേരിയിൽ

നമശിവായം

പുതുച്ചേരിയിലെ ഏക ലോക്‌സഭാ മണ്ഡലത്തിൽ എ.നമശിവായം മത്സരിക്കും. നേരത്തെ പുതുച്ചേരിയിലെ പ്രദേശ് കോൺഗ്രസ് പ്രസിഡന്റായിരുന്ന നമശിവായം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് അനുയായികളുമൊത്ത് ബി.ജെ.പിയിൽ ചേർന്നത്. 2021ൽ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ പുതുച്ചേരിയിൽ അധികാരം നേടുകയും ചെയ്തിരുന്നു. നിലവിൽ മണ്ണടിപെട്ട് എം.എൽ.എയും മന്ത്രിയുമാണ് നമശിവായം.