തിരുവനന്തപുരം : ബീമാപള്ളി ഉറൂസിനെത്തിയ ഒമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം ഹോജാൻ ഡാങ്കി ഗാവോൺ സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെ കോടതി മൂന്ന് വർഷം കഠിന തടവിനും 15,000 പിഴയ്ക്കും ശിക്ഷിച്ചു. പോക്‌സോ കോടതി ജഡ്ജി എ.പി. ഷിബുവാണ് ശിക്ഷിച്ചത്. 2022 ലെ ഉറൂസിനെത്തിയ പെൺകുട്ടിയുടെ കുടുംബം ഉറൂസ് കണ്ട് രാത്രി പള്ളി പരിസരത്ത് ഉറങ്ങുമ്പോളായിരുന്നു പ്രതിയുടെ ആക്രമണം. പെൺകുട്ടിയുടെ വസ്ത്രം പ്രതി മാറ്റാൻ ശ്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വച്ചു. ഇത് കേട്ട് ഓടിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം.ജെ.കെ.അജിത് പ്രസാദ് ഹാജരായി.