general

ബാലരാമപുരം: പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ തന്നെ കൂടുതൽ ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരം. രണ്ട് മുൻ കേന്ദ്രമന്ത്രിമാർ തമ്മിൽ കൊമ്പുകോർക്കുന്ന കാഴ്ച. യുവാക്കളെയും വിദ്യാർത്ഥികളെയും കൈയിലെടുത്തും നർമ്മം പങ്കിട്ടുമാണ് സ്ഥാനാർത്ഥികളുടെ വോട്ട് പിടിത്തം. കന്നിയങ്കത്തിൽത്തന്നെ വിജയം നേടിയ ശശിതരൂർ അതേ പ്രൗഡിയിൽത്തന്നെ മുന്നേറുന്നു. വിപ്ലവവീര്യം ഒട്ടും കുറയാതെ പാർട്ടിയുടെ ശക്തിയിലും ലാളിത്യത്തിലും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ഇടതിനും വലതിനും ഒത്ത എതിരാളിയായി മുന്നേറുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഭരണസിരാകേന്ദ്രവും സാംസ്കാരിക പൈതൃക ഭൂമികയും രാഷ്ട്രീയകോലാഹലങ്ങളുടെ വിളനിലവുമായ സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തന്നെയാണ് ജനം ഉറ്റുനോക്കുന്നത്.


 നേരിട്ടെത്തി, വോട്ട് തേടി

കറപുരളാത്ത രാഷ്ട്രീയവൈഭവവും മുതൽക്കൂട്ടാക്കി ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുകയാണ് പന്ന്യൻ രവീന്ദ്രൻ. റോഡ് വികസനമുൾപ്പെടെ തിരുവനന്തപുരത്തെ വികസനപ്രവർത്തനങ്ങളിൽ ഇടതുസർക്കാരിന്റെ താത്പര്യം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഇടതുമുന്നണി പുല്ലുവിള മേഖല കൺവെൻഷൻ ജനതാദൾ (എസ് )​ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇ. കെന്നഡി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കരുംകുളം അജിത്ത്,​ അനിൽകുമാർ,​ കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,​ വി.ഗബ്രിയേൽ,​ വിൻസി അലോഷ്യസ്,​ റാണി,​ സെൽവം എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് നെല്ലിമൂട് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എം.എൽ.എ,​ നെല്ലിമൂട് പ്രഭാകരൻ,​ പ്രൊഫ. ചന്ദ്രബാബു,​ വി. രാജേന്ദ്രൻ,​ രാമപുരം ശ്രീകുമാർ,​ സി.ഗോപി,​ അശ്വതി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കമ്മിറ്റി ചെയർമാനായി ആർ.ജെ.ഡിയിലെ നെല്ലിമൂട് ടി.സദാനന്ദനേയും കൺവീനറായി എസ്.വിജയനേയും ഉൾപ്പെടെ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

 ബില്ലുകൾ പൂഴ്ത്തി

കേരളത്തിനായി പാർലമെന്റിൽ താൻ കൊണ്ടുവന്ന ബില്ലുകൾ നടപടി കൈക്കൊള്ളാതെ ബി.ജെ.പി സർക്കാർ അവയൊക്കെ പൂഴ്ത്തിയെന്നാണ് തരൂരിന്റെ അവകാശവാദം. യു.ഡി.എഫ് കോവളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെഷൻ വിഴി‌ഞ്ഞം ആനിമേഷൻ സെന്ററിൽ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് എം.എൽ.എ,​ കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ,​ ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി സുബോധൻ,​ മര്യാപുരം ശ്രീകുമാർ,​ ആർ.എസ്.പി നേതാവ് ഇടവൂർ പ്രസന്നൻ,​ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ,​ കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ,​ മുസ്ലീം ലീഗ് നേതാവ് അബ്ദുൽ റഹ്മാൻ, വിനോദ് കോട്ടുകാൽ,​​ ഡി.സി.സി സെക്രട്ടറിമാരായ കാഞ്ഞിരംകുളം ലെനിൻ,​ പൂവാർ ഷിനു,​ ബ്ലോക്ക് പ്രസിഡന്റുമാരായ ഉച്ചക്കട സുരേഷ്,​ കരുംകുളം ജയകുമാർ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ,​ നിയോജകമണ്ഡലം പ്രസിഡന്റ് ശരത് തുടങ്ങിയവർ സംസാരിച്ചു.

 തന്ത്രംമെനഞ്ഞ് സ്ഥാനാർത്ഥി

ജനം നേരിടുന്ന ദുരിതങ്ങളും പ്രയാസങ്ങളും നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ട് വ്യത്യസ്തമായ തിരഞ്ഞെടുപ്പ് തന്ത്രവുമായാണ് ബി.ജെ.പിയുടെ പ്രചാരണം. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ടി.ബി ജംഗ്ഷനിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചെങ്കൽ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. തിരുപുറം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരൻ,​ ശിവസേന ഓർഗനൈസേഷൻ സെക്രട്ടറി തിരുമംഗലം സന്തോഷ്,​ ബി.ജെ.പി ജില്ലാ സെക്രട്ടറി ജയചന്ദ്രൻ,​ എൻ.പി ഹരി,​ ആർ.രാജേഷ്,​ രഞ്ജിത്ത് ചന്ദ്രൻ,​ അതിയന്നൂർ ശ്രീകുമാർ,​ നടരാജൻ,​ ഇരുമ്പിൽ രാജീവ് എന്നിവർ സംസാരിച്ചു.