
തിരുവനന്തപുരം: തിരഞ്ഞെടുപ്പായാൽ പ്രമുഖ രാഷ്ട്രീയ കക്ഷികളൊക്കെ ചുവരെഴുതാൻ രാജൻ മാഷിനെ തേടിയെത്തും. 47 വർഷത്തിലേറെയായി ഈ മേഖലയിലുണ്ട്.സി.അച്ചുതമേനോൻ മുതൽ പന്ന്യൻ രവീന്ദ്രൻ വരെയുള്ളവർക്കായി എഴുതി.സ്വതന്ത്ര പാർട്ടി സ്ഥാനാർത്ഥികളും തേടിയെത്താറുണ്ട്.
മങ്കാട്ടുകടവ് വിശ്വപ്രകാശ് സെൻട്രൽ സ്കൂളിലെ ചിത്രകല അദ്ധ്യാപകനാണ് ഈ 63കാരൻ. ഇക്കൊല്ലം അവധിക്കാലത്ത് ചുവരെഴുത്താണ് ജീവിതം.മൂന്ന് മക്കളുള്ള കുടുംബത്തിലെ മൂത്തയാളായ രാജൻ വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പഠനകാലത്തുതന്നെ ചുവരെഴുത്തിലേക്കിറങ്ങി.മുതിർന്ന ചുവരെഴുത്തുകാർക്ക് പെയിന്റ് കലക്കി കൊടുത്തായിരുന്നു തുടക്കം. അവിടെ നിന്ന് തൊഴിൽ പഠിച്ചു.1977ൽ മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർക്കു വേണ്ടിയാണ് ആദ്യം ബ്രഷ് ചലിപ്പിച്ചത്. അന്ന് അദ്ദേഹം വിജയിച്ച് എം.എൽ.എ ആയി. ഒരുദിവസം അഞ്ചുരൂപയായിരുന്നു അക്കാലത്തെ കൂലി. കെ.കരുണാകരൻ, വി.എസ്.അച്യുതാനന്ദൻ, ഒ.രാജഗോപാൽ, വി.കെ.കൃഷ്ണമേനോൻ, തലേക്കുന്നിൽ ബഷീർ, കെ.വി.സുരേന്ദ്രനാഥ്, വി.മുരളീധരൻ, വി.കെ.പ്രശാന്ത്, ശശി തരൂർ... അങ്ങനെ നീളുന്നു എഴുതിയ പേരുകൾ.
പത്താംക്ലാസിനുശേഷം സ്കൂൾ ഒഫ് ഫൈൻ ആർട്സിൽ ചേർന്നു. അതോടൊപ്പം സ്കൂളുകളിൽ ചിത്രകല പരിശീലകനായി. 1984ൽ ടെസ്റ്റെഴുതി ബി.എസ്.എൻ.എലിൽ ടെലികോം ഓപ്പറേറ്ററായി. ജോലിക്കുശേഷം വൈകുന്നേരങ്ങളിൽ ചുവരെഴുത്തിനെത്തി. 2020ൽ വിരമിച്ച ശേഷം സ്കൂൾ അദ്ധ്യാപകനായി. ചുവരെഴുത്ത് ജീവനും കുട്ടികൾ ജീവന്റെ ജീവനുമാണെന്ന് രാജൻ പറയുന്നു. തിരുമല മങ്കാട്ടുകടവിലാണ് താമസം. ഭാര്യ: ശകുന്തള. മക്കൾ: ആതിര, രാജ് ഗുരു.
ബ്രഷും കൊണ്ട് ഓടി
പുന്നപ്രയിൽ ചുവരെഴുതാൻ പോയപ്പോൾ രണ്ടു പാർട്ടികളിലെ പ്രാദേശിക നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. അവർ ബാനറും കൊടിതോരണങ്ങളും നശിപ്പിച്ചു. കൈയിൽ കിട്ടിയവരെയൊക്കെ തല്ലി. ബ്രഷും വണ്ടിക്കൂലിയും എടുത്ത് ഓടിയത് മാത്രം ഓർമ്മയുണ്ട്. ഇപ്പോൾ ഒരുദിവസം ഏഴ് ചുവരുകൾ എഴുതും. 1,500 രൂപ കിട്ടും.
ആരോടും അനുഭാവം ഇല്ലാത്തതിനാൽ എല്ലാ പാർട്ടിക്കാരും വിളിക്കും. ജയിച്ചവർക്കും തോറ്റവർക്കും വേണ്ടി എഴുതിയിട്ടുണ്ട്. ഇതുവരെ ചുവരെഴുത്ത് മടുത്തിട്ടില്ല.
-രാജൻ