photo

നെടുമങ്ങാട് : സ്ത്രീകൾ പൂജാരിണിമാരായിട്ടുള്ള, ഗോത്രാചാരപൂജകൾ നടക്കുന്ന ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് വേങ്കമല ഭഗവതി ക്ഷേത്രം. ക്ഷേത്രവളപ്പിലെ അരയാലിൻ ചുവട്ടിൽ സ്ത്രീകൾ നടത്തുന്ന പൂജയിൽ പങ്കെടുക്കാൻ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികളുമെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ആദ്യമെത്തി. പിന്നാലെ സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശും കേന്ദ്രമന്ത്രിയും ബി.ജെ.പി എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരനും. മുഖാമുഖം കണ്ടില്ലെങ്കിലും ഭക്തജനങ്ങളോട് വോട്ടഭ്യർത്ഥിച്ച്, ഉത്സവക്കമ്മിറ്റി ഓഫീസ് സന്ദർശിച്ച് മൂവരും ക്ഷേത്രസന്നിധിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. വിട്ടുമാറാത്ത ചുമയെത്തുടർന്ന് വി.ജോയി ഉച്ചകഴിഞ്ഞുള്ള പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നും സന്ദർശന പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പി എൻ.ഡി.എ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഇന്നലെ രാവിലെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മുരളീധരന്റെ എതിർസ്ഥാനാർത്ഥികളായ എം.എൽ.എയുടെയും എം.പിയുടെയും ട്രാക്ക് റെക്കാഡുകൾ ഇക്കുറി ജനങ്ങൾക്ക് ഇടയിൽ വിചാരണ ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ നടൻ ജി. കൃഷ്ണകുമാർ പ്രകാശനം ചെയ്തു.അഡ്വ.എസ്.സുരേഷ്, വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.ഉച്ചയ്ക്ക് ശേഷം വികസന ചർച്ചയിലും വർക്കല, ചെറുന്നിയൂർ എന്നിവിടങ്ങളിൽ പദയാത്രയിലും പങ്കെടുത്തു. മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളേജിലെ 'കൂടെ 2024 ' എന്ന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് നിർവഹിച്ചു. കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.അസിസ്റ്റന്റ് പ്രൊഫസർ ദീപ.പി, സ്റ്റുഡന്റ് ക്യാമ്പ് കോർഡിനേറ്റർ പോൾ യൂജിൻ എന്നിവർ സംസാരിച്ചു. ഇന്ന് യു.ഡി.എഫ് അരുവിക്കര,നെടുമങ്ങാട്, കിളിമാനൂർ,മുദാക്കൽ,പനവൂർ മേഖല മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും.എൽ.ഡി.എഫ് പൂവത്തൂർ മേഖല കൺവെൻഷൻ സി.പി.ഐ ദേശീയകൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖല കമ്മിറ്റി ഓഫീസ് മഹാകവി പൂവത്തൂർ ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ,ഏരിയ കമ്മിറ്റി അംഗം എസ്.എസ് ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ,എസ്.സിന്ധു, കൗൺസിലർമാരായ എം.രാജേന്ദ്രൻ,എസ്.സജിത,ബി.എ. അഖിൽ എന്നിവർ സംസാരിച്ചു.കെ.വിജയൻ നന്ദി പറഞ്ഞു. യു.ഡി.എഫ് പൂവത്തൂർ മണ്ഡലം കൺവെൻഷൻ മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചെറുമുക്ക് റാഫിയുടെ അദ്ധ്യക്ഷതയിൽ നെട്ടിറചിറ ജയൻ, കല്ലയം സുകു,തേക്കട അനിൽകുമാർ,വട്ടപ്പാറ ചന്ദ്രൻ,ടി.അർജുനൻ, എസ്.അരുൺകുമാർ, വള്ളക്കടവ് സുധീർ,ശരത് ശൈലേശ്വരൻ,ഷിനു നെട്ടയിൽ,പുങ്കുമൂട് അജി,പുലിപ്പാറ യൂസഫ്,ശങ്കർജി,താഹിർ, ജെറിൻ, ഉണ്ണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.