ആറ്റിങ്ങൽ: റഷ്യയുടെ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളുടെയും മടക്കയാത്ര വൈകും. യാത്രയ്‌ക്കാവശ്യമായ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ തിരിച്ചു കിട്ടാത്തതാണ് കാരണം. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ,വിനീത് സെൽവ,ടിനു പനിയടിമ എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. ഒരു വർഷത്തെ മിലിട്ടറി സേവനത്തിന് കരാർ ഒപ്പിട്ട് നൽകിയപ്പോൾ ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള യാത്രാരേഖകൾ റഷ്യൻ കമാൻഡർക്ക് നൽകിയിരുന്നു. എന്താണ് കരാറിലുള്ളതെന്ന് ഇവരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരി 3ന് റഷ്യയിലെത്തിയ ഇവർ ഒരാഴ്ച കഴിഞ്ഞാണ് റഷ്യയുടെ യുദ്ധ പരിശീലന ക്യാമ്പിലെത്തിയത്. അതുകഴിഞ്ഞ് പ്രിൻസും ടിനുവും ഒരിടത്തും വിനീത് മറ്റൊരു യുദ്ധ മേഖലയിലുമായി. ഇവരെ കണ്ടെത്തുന്നതിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും അടൂർ പ്രകാശ് എം.പിയും വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എംബസി ഇടപെട്ട് യാത്രാരേഖകൾ തിരിച്ചുവാങ്ങി ഇവരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. ജോലിയിൽ കയറിയിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും മൂവർക്കും ശമ്പളമോ ചെലവിനുള്ള പൈസയോ റഷ്യൻ മിലിട്ടറി നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിസയ്ക്കായി പണം കടം വാങ്ങിയതിനാൽ വലിയ തുക പലിശയിനത്തിലും കണ്ടെത്തണമെന്നും ഇവരെ റഷ്യയിലെത്തിക്കാൻ ഇടനിലക്കാരനായ സാജൻ എന്ന മലയാളി റഷ്യൻ സൈന്യത്തിലെ കമാൻഡറെന്ന് പറഞ്ഞാണ് മൂവരെയും ബന്ധപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.