bird-

തിരുവനന്തപുരം: ലോക ജലദിനത്തിൽ പക്ഷികൾക്ക് കരുതലുമായി യംഗ് ഇന്ത്യൻസിന്റെ കാമ്പെയിൻ. യംഗ് ഇന്ത്യൻ ട്രിവാൻഡ്രം ചാപ്ടറിന്റെ നേതൃത്വത്തിലാണ് ഡ്രോപ് ടു ഫ്ലൈ കാമ്പെയിൻ ആരംഭിച്ചത്. ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും ശേഖരിച്ച് പക്ഷികൾക്ക് ജലം നൽകാൻ വീടുകളിൽ തൂക്കിയിടുന്ന ഫീഡർ നിർമ്മിക്കുന്നതാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ഇന്നലെ 200ഓളം ഫീഡറുകൾ നിർമ്മിച്ചു. ചാപ്ടറിലെ അംഗങ്ങളും കുടുംബങ്ങളും പങ്കാളിയായി. പ്ളാസ്റ്റിക് ബോട്ടലുകൾ,​വീട്ടിലെ ചെറിയ ഡൈനിംഗ് വേസ്റ്റ് ബിൻ,കമ്പി എന്നിവ കൊണ്ടാണ് ആകർഷകമായ ബേർഡ് ഫീഡർ നിർമ്മിച്ചത്. 15 മിനിട്ടിനുള്ളിൽ ഒരു ബേർഡ് ഫീഡറൊരുക്കാം. ഇത് വീടുകളിൽ ജലം നിറച്ച് തൂക്കിയിടും. പക്ഷികൾക്ക് ഇതിൽ നിന്ന് വെള്ളം യഥേഷ്ടം കുടിക്കാനാകും.

ആദ്യഘട്ടത്തിൽ ഇവ അംഗങ്ങളുടെ വീടുകളിലാണ് തൂക്കിയിടുന്നത്. 200ഓളം അംഗങ്ങളുടെ വീടുകളിൽ നിന്ന് കുപ്പികൾ ശേഖരിച്ചത്. ഹോട്ടൽ പ്രശാന്തിൽ നടന്ന കാമ്പെയിനിൽ യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്ടറിന്റെ ചെയർ ഡോ.സുമേഷ് ചന്ദ്രൻ,കോ ചെയർ ശങ്കരി ഉണ്ണിത്താൻ,കാലാവസ്ഥ വ്യതിയാനത്തിന്റെ ചെയർ രാഹുൽ സ്റ്റീഫൺസൻ,കോ ചെയർ സ്‌മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാമ്പെയിൻ. ചാപ്ടറിലെ 50ഓളം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീയുടെ യുവജന വിഭാഗമാണ് യംഗ് ഇന്ത്യൻസ്. 63 പ്രധാന നഗരങ്ങളിലായി ഉദ്യോഗസ്ഥർ,ബിസിനസ് രംഗത്തുള്ളവർ തുടങ്ങിയ വിവിധ മേഖലയിലുള്ള 6500ഓളം അംഗങ്ങൾ ഈ പരിസ്ഥിതി സംഘടനയിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ ചാപ്ടറുകളുണ്ട്.