
തിരുച്ചിറപ്പള്ളി:തമിഴ്നാട്ടിൽ ഡി.എം.കെ- കോൺഗ്രസ് മുന്നണിക്കു വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രാചാരണം ആരംഭിച്ചു. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലങ്ങളിലും സ്റ്റാലിൻ പ്രചാരണറാലി നയിക്കും. ബി.ജെ.പി, അണ്ണാ ഡി.എം.കെ. മുന്നണി സ്ഥാനാർത്ഥിളുടെ അന്തിമപട്ടികപോലും ആകാതിരിക്കുമ്പോഴാണ് സ്റ്റാലിൻ പ്രചാരണ പരിപാടികളിലേക്ക് കടന്നത്. ആദ്യ റാലി ഇന്നലെ തിരുച്ചിറപള്ളിയിലായിരുന്നു.
വൈക്കോയുടെ എം.ഡി.എം.കെയ്ക്കാണ് തിരുച്ചിറപള്ളി സീറ്റ് നൽകിയിരിക്കുന്നത്. വൈക്കോയുടെ മകൻ ദുരൈവൈക്കോയാണ് സ്ഥാനാർത്ഥി. തൊട്ടടുത്ത പേരമ്പ്രയിൽ നഗരകാര്യ മന്ത്രി കെ.എൻ.നെഹ്റുവിന്റെ മകൻ അരുൺ നെഹ്റുവാണ് ഡി.എം.കെ സ്ഥാനാർത്ഥി. പ്രധാനമന്ത്രി മോദിയുടെ മുഖത്ത് ഇപ്പോൾ തോൽവി ഭയമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ട്രിച്ചിയിൽ നടന്ന പ്രചാരണ റാലിയിൽ പറഞ്ഞു. കേജ്‌രിവാളിന്റെ അറസ്റ്റ് അതിന്റെ തെളിവാണ്.
ട്രിച്ചി ഒരു വഴിത്തിരിവാണ്. ട്രിച്ചി പാത എന്നും വിജയ പാതയാണ്. എല്ലാറ്റിന്റെയും ഹൃദയം ട്രിച്ചിയാണ്.തൃച്ചിയിൽ ആരംഭിച്ച പ്രചാരണം ഇന്ത്യയിൽ വഴിത്തിരിവാകും- അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കെ.എൻ.നെഹ്റു, ഉദയനിധി സ്റ്റാലിൻ, ശിവശങ്കർ, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോയും ട്രിച്ചിയിലെ സിരുകനൂരിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തു.