നെടുമങ്ങാട്: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി നെടുമങ്ങാട് നഗരസഭ ആരംഭിച്ച പനങ്ങോട്ടേല റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ നഗരസഭാധികൃതരും നാട്ടുകാരും തമ്മിൽ സംഘർഷം. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ ഖരമാലിന്യങ്ങൾ സംസ്കരിക്കാൻ കോഴിക്കോട് നിന്നെത്തിച്ച പ്യൂരിഫൈൻ മെഷീൻ എന്ന സംസ്കരണ യന്ത്രം വാഹനത്തിൽ നിന്ന് ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഇന്നലെ വൈകിട്ട് ആറരയോടെ എത്തിച്ച യന്ത്രങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് നാട്ടുകാർ. നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജയും നെടുമങ്ങാട് ഡിവൈ.എസ്.പിയും സ്ഥലത്തെത്തി ചർച്ച നടത്തി രംഗം ശാന്തമാക്കി. പ്രദേശത്ത് അഞ്ച് വർഷത്തിലേറെയായി പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇത് വിപുലീകരിക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവൃത്തിക്കുന്ന വൃദ്ധ സദനവും 30ഓളം കുടുംബങ്ങളും അധിവസിക്കുന്ന സ്ഥലത്ത് വൻ ഖരമാലിന്യ സംസ്കരണ കേന്ദ്രം മറ്റൊരു വിളപ്പിൽശാലയ്ക്ക് വഴിയൊരുക്കുമെന്ന് മാലിന്യപ്ലാന്റ് വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി, മുനിസിപ്പൽ സെക്രട്ടറി കുമാർ എന്നിവർ പങ്കെടുത്തു.