
തിരുവനന്തപുരം:നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയനെ (45) പൊലീസ് പിടികൂടി. പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.ഇയാളുടെ അറസ്റ്റ് വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി.അടുത്തിടെ പാൽക്കുളങ്ങരയിൽ റിട്ട.ഡി.ഐ.ജിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതുൾപ്പെടെ 23 കേസുകളിൽ പ്രതിയാണ്.വഞ്ചിയൂർ,പേട്ട,മെഡിക്കൽ കോളേജ്, മണ്ണന്തല എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.കുറച്ച് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയതുറയിൽ നിന്നാണ് പിടികൂടിയത്.ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഈ കേസിലെ പ്രതികൾ ബാഹുലേയന് താമസസൗകര്യം അടക്കം ഒരുക്കിക്കൊടുത്തെന്നാണ് സൂചന. മൂന്നുദിവസം തുടർച്ചയായി മോഷണം നടത്തിയ ശേഷം ഇയാൾ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. വഞ്ചിയൂരിലെ വീട്ടിലെ മോഷണത്തിനായി ബൈക്കിൽ നിന്ന് ഇറങ്ങവെ ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ആനയറയിലെ കള്ളുഷാപ്പിൽ മോഷണം നടത്തിയതും ഇയാളാണെന്നാണ് സൂചന.ഇയാൾ മെഡിക്കൽ കോളേജ് സ്വദേശിയാണ്.വീടുകൾ പകൽ നന്നായി നിരീക്ഷിച്ച ശേഷമാണ് രാത്രി മോഷ്ടിക്കുന്നത്.സി.പി.ഒ സുബിൻ പ്രസാദ്, ജോസ് എന്നിവരാണ് പിടികൂടിയത്.